Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്ക് ലഭ്യമല്ലെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള അതിക്രമങ്ങളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ബുധനാഴ്ച രാജ്യസഭയിലാണ് അവര്‍ മുസ്ലിം ലീഗ് എം.പി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.

ക്രമസമാധാനം സംസ്ഥാന വിഷയമാണ്, ഏതെങ്കിലും വ്യക്തി സമൂഹത്തിനെതിരായ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദിഷ്ട വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കപ്പെടുന്നില്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

ആക്രമണങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും വഹാബ് ചോദിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും മറുപടി ലഭിച്ചില്ല.

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം നിരന്തരം ആള്‍ക്കൂട്ട ആക്രമണങ്ങളും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണവും നേരിടുന്ന പശ്ചാതലത്തിലായിരുന്നു ചോദ്യം.

ഈ വര്‍ഷം ജൂലൈയില്‍, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങളുടെ പ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന 2019 ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ രൂക്ഷമായ കുറ്റാരോപണമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Related Articles