Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകളെ നിരന്തരം ലക്ഷ്യമിട്ട് ന്യൂസ് 18 ചര്‍ച്ച; പിഴയിട്ട് റെഗുലേറ്ററി ബോര്‍ഡ്

ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരെ നിരന്തരം വിദ്വേഷ വാര്‍ത്തകളും വര്‍ഗ്ഗീയ അജണ്ടകളും ലക്ഷ്യമിട്ട് ചാനല്‍ ചര്‍ച്ച നടത്തിയ ന്യൂസ് 18 ചാനലിന് പിഴ ചുമത്തി ന്യൂസ് റെഗുലേറ്ററി ബോര്‍ഡ്. ചാനലിന് 50,000 രൂപ പിഴ ചുമത്തുകയും അതിന്റെ വെബ്സൈറ്റില്‍ നിന്നും യുട്യൂബില്‍ നിന്നും ഷോയുടെ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ന്യൂസ് 18 ഇന്ത്യയിലെ തീവ്ര വലതുപക്ഷ വാര്‍ത്താ അവതാരകന്‍ അമന്‍ ചോപ്ര മുസ്ലീങ്ങളെ കുറിച്ച് നടത്തിയ വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ രണ്ട് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാനലിലെ നാല് ഷോകള്‍ക്കെതിരെയാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി പിഴയടക്കാന്‍ ഉത്തരവിട്ടത്.

80% വരുന്ന ഹിന്ദുക്കള്‍ക്ക് എതിരെ 20% മുസ്ലിംകള്‍ കൂട്ടം കൂടുന്നു എന്ന തലക്കെട്ടിലാണ് ചോപ്ര ചാനല്‍ ചര്‍ച്ച നയിച്ചിരുന്നത്. ഇത്തരം സംവാദം ആരംഭിച്ചതിലൂടെ അത് വര്‍ഗീയ സ്വഭാവമുള്ളതും ഉചിതമല്ലാത്തതുമാണ്, ന്യൂസ് റെഗുലേറ്ററി ബോഡിയുടെ ഉത്തരവില്‍ പറഞ്ഞു. റിപ്പോര്‍ട്ടിംഗ് സമയത്ത് ആവശ്യമായ നിഷ്പക്ഷത, വസ്തുനിഷ്ഠത എന്നീ അടിസ്ഥാന തത്വങ്ങള്‍ ഈ പരിപാടി ലംഘിച്ചതായി എന്‍ബിഡിഎസ്എ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് (റിട്ടയേര്‍ഡ്) എ.കെ സിക്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരി 18ന് യു.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ചോപ്ര വിവാദ ചര്‍ച്ച നടത്തിയത്. ചോപ്ര ബോധപൂര്‍വം മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ് അനൂജ് ദുബെയെന്ന പരാതിക്കാരന്‍ ഉന്നയിച്ചത്.

Related Articles