Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളുകളില്‍ ഗീത നിര്‍ബന്ധ പഠനം; സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു

അഹ്‌മദാബാദ്: സ്‌കൂളുകളില്‍ ഭഗവത്ഗീത നിര്‍ബന്ധ പഠനമായി ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. ജംഇയ്യത്തുല്‍ ഉലമാഎ ഹിന്ദ് ആണ് വിഷയത്തില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്.

അടുത്ത അധ്യയന വര്‍ഷം ഗുജറാത്തില്‍ 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവത് ഗീത നിര്‍ബന്ധ പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍, ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്യണമെന്ന മുസ്ലീം സംഘടനയുടെ അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചത്.

പ്രമേയം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28ന്റെ ലംഘനമാണെന്ന് സംഘടന ഹരജിയില്‍ വാദിച്ചു, പൂര്‍ണ്ണമായും സംസ്ഥാന ഫണ്ടില്‍ നിന്ന് പരിപാലിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ പ്രബോധനം നല്‍കരുതെന്നും ഗീത ഹിന്ദുക്കളുടെ ഒരു മതഗ്രന്ഥമാണെന്നും ഗീതയില്‍ പറഞ്ഞിരിക്കുന്ന എല്ലാ മൂല്യങ്ങളും ഹിന്ദുമതത്തിന്റെ തത്വങ്ങളുമായി ഇഴചേര്‍ന്നതാണ് എന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഒരു മതത്തിന്റെ ഗ്രന്ഥം മാത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് യുവ മനസ്സുകളെ പ്രചോദിപ്പിക്കുന്നതിന് കാരണമാകുമെന്ന ആശങ്കയും മുസ്ലീം സംഘടന ഉയര്‍ത്തി. ആര്‍ട്ടിക്കിള്‍ 21, 25 പ്രകാരം ഉറപ്പുനല്‍കുന്ന സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെയും ഇഷ്ടത്തെയുമാണ് ഇത് ബാധിക്കുന്നതെന്നും സംഘടന ആരോപിച്ചു.

Related Articles