Current Date

Search
Close this search box.
Search
Close this search box.

അസം: 2016ല്‍ മരിച്ചയാള്‍ക്ക് പൗരത്വം തെളിയിക്കാന്‍ നോട്ടീസ്

ഗുവാഹത്തി: 2016ല്‍ മരണപ്പെട്ട വ്യക്തിക്ക് പൗരത്വം തെളിയിക്കാന്‍ അസം വിദേശകാര്യ ട്രിബൂണല്‍ നോട്ടീസ് അയച്ചു. ശ്യമ ചരണ്‍ ദാസ് എന്ന പരേതനാണ് മാര്‍ച്ച് 30ന് മുന്‍പ് കോടതിക്ക് മുന്‍പായി ഹാജരാകാന്‍ ട്രിബൂണലിന്റെ ഉത്തരവ്. മാര്‍ച്ച് 15നാണ് നോട്ടീസ് അയച്ചത്.

2016 സെപ്റ്റംബര്‍ 23ന് ദാസിന്റെ കുടുംബം മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടര്‍ന്ന് ഇതേ കോടതി തന്നെ അദ്ദേഹത്തിന്റെ പൗരത്വം സംബന്ധിച്ച കേസ് അവസാനിപ്പിച്ചിരുന്നു. അസം സര്‍ക്കാര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ് പ്രകാരം, ദാസ് 2016 മെയ് ആറിന് 74ാം വയസ്സില്‍ മരിച്ചു.

ഈ വര്‍ഷം ആദ്യം, രേഖകളില്ലാത്ത കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ബോര്‍ഡര്‍ പോലീസ് ആണ് ദാസിനെതിരെ പുതിയ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ട്രൈബ്യൂണല്‍ കോടതി നോട്ടീസ് അയച്ചത്. ട്രൈബ്യൂണല്‍ നോട്ടീസ് പ്രകാരം 1966 ജനുവരി 1നും 1973 മാര്‍ച്ച് 23നും ഇടയില്‍ സാധുവായ രേഖകളൊന്നുമില്ലാതെ ദാസ് അസമില്‍ പ്രവേശിച്ചതായും സില്‍ച്ചാറില്‍ താമസം ആരംഭിച്ചതായുമാണ് പോലീസ് ആരോപണം. തുടര്‍ന്നാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

വിഷയം അന്വേഷിക്കുമെന്ന് പോലീസ് സൂപ്രണ്ട് (ബോര്‍ഡര്‍) രമണ്‍ദീപ് കൗര്‍ പറഞ്ഞു. തന്റെ പിതാവിന് പൗരത്വം തെളിയിക്കാന്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നിട്ടും തന്റെ കുടുംബം വര്‍ഷങ്ങളോളം കോടതിയില്‍ കയറിയിറങ്ങി സമരം ചെയ്തിരുന്നതായി ദാസിന്റെ മകള്‍ ബേബി ദാസ് പറഞ്ഞു. ഈ സംഭവം നമ്മുടെ നിയമ സംവിധാനത്തെ മോശമായി പ്രതിഫലിപ്പിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകനായ കമല്‍ ചക്രവര്‍ത്തി പറഞ്ഞു.

Related Articles