Current Date

Search
Close this search box.
Search
Close this search box.

ഷിരീന്റെ കൊലപാതകം: ദ്രുതഗതിയിലുള്ള അന്വേഷണം വേണമെന്ന് മാക്രോണ്‍

തെല്‍അവീവ്: കഴിഞ്ഞയാഴ്ച ഫലസ്തീനില്‍ വെച്ച് ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്ന മാധ്യമപ്രവര്‍ത്തക ഷിരീന്റെ മരണത്തില്‍ ഇസ്രായേല്‍ ദ്രുതഗതിയിലുള്ള അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ഷിറീന്‍ അബു അഖ്‌ലയുടെ മരണം തന്നെ നിരാശപ്പെടുത്തിയെന്നും അന്വേഷണത്തിന്റെ ദ്രുതഗതിയിലുള്ള ഒരു നിഗമനം ആവശ്യമാണെന്ന ഫ്രാന്‍സിന്റെ നിലപാട് ആവര്‍ത്തിച്ചുവെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറഞ്ഞു. മാക്രോണും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

അബു അഖ്‌ലയുടെ കൊലപാതകത്തെക്കുറിച്ച് ഇസ്രായേല്‍ അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധരും മറ്റും മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

ഇസ്രായേലിന്റെ ഏതെങ്കിലും അന്വേഷണത്തെ നിരസിക്കുന്നതായും സ്വന്തമായി അന്വേഷണം നടത്തുമെന്നും ഫലസ്തീന്‍ നേതൃത്വം പറഞ്ഞിരുന്നു. സ്വതന്ത്ര അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെടുകയും ‘കൊലപാതകത്തിന്’ ഇസ്രായേലി സൈന്യത്തെ ഉത്തരവാദിയാക്കുകയും ചെയ്തിരുന്നു.

രണ്ട് യു.എസ് ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാരും അബു അഖ്‌ലയുടെ കൊലപാതകത്തില്‍ എഫ്.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ വെച്ച് മെയ് 11 ബുധനാഴ്ചയായിരുന്നു അല്‍ജസീറയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഷിരീന്‍ അബു അഖ്‌ല ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. മാധ്യപ്രവര്‍ത്തകയാണെന്ന് തിരിച്ചറിയാന്‍ ‘പ്രസ്’ എന്നെഴുതിയ ജാക്കറ്റും ഹെല്‍മറ്റും ധരിച്ചിട്ടും ഇസ്രായേല്‍ സൈന്യം മനപൂര്‍വം വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Articles