Current Date

Search
Close this search box.
Search
Close this search box.

മദ്യനയം; കേരളത്തെ അരാജകവത്കരിക്കുന്ന സര്‍ക്കാര്‍ പദ്ധതി: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഐ.ടി പാര്‍ക്കുകളിലും ടൂറിസം മേഖലകളിലും ബാര്‍ അനുവദിക്കാനും അടച്ചിട്ട മദ്യവില്‍പനശാലകള്‍ തുറക്കാനും അനുമതി നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം കേരളത്തിന്റെ യുവതലമുറയെ ക്രിമിനല്‍വല്‍കരിക്കുന്നതും ഭാവിയെ അരാജകമാക്കിത്തീര്‍ക്കുന്നതുമായ സര്‍ക്കാര്‍ പദ്ധതിയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.

മദ്യനയമടക്കം സമീപകാലങ്ങളിലെ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളുടെ സ്വസ്ഥജീവിതത്തെ തകര്‍ക്കുന്ന സ്വഭാവത്തിലുള്ളതാണ്. കേരളത്തില്‍ മദ്യമൊഴുക്കും എന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാറിന്. മദ്യവര്‍ജനം നയമായി സ്വീകരിച്ച സര്‍ക്കാര്‍ ഐ.ടി അടക്കം പുതിയ മേഖലകളിലേക്കും പുതിയ മദ്യോല്‍പാദന രീതികളിലേക്കും പ്രവേശിക്കുന്ന നയം സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മദ്യത്തിനടിപ്പെട്ടവരും മദ്യപാനികളും കേരളത്തിന്റെ സൈ്വര്യജീവിതത്തെ അപകടപ്പെടുത്തുന്ന സാഹചര്യം വര്‍ധിച്ചുവരികയാണ്. കേരളത്തിലെ ക്രിമിനല്‍കേസുകളില്‍ വലിയൊരു വിഭാഗം മദ്യപാനികള്‍ സൃഷ്ടിക്കുന്നതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും പുതിയ തലമുറയിലും കൂടുതല്‍ വ്യാപിക്കാന്‍ മാത്രമേ സര്‍ക്കാര്‍ നിലപാട് സഹായകരമാവൂ. ഐ.ടി മേഖലയില്‍ കേരളം നേടിയ വളര്‍ച്ച പിറകോട്ടടിക്കാന്‍ മദ്യനയം കാരണമാകും. കേരളത്തെ തകര്‍ക്കുന്ന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. മദ്യനയത്തിനെതിരെ മത,രാഷ്ട്രീയ,സ്ത്രീ സംഘടനകളോടും പ്രസ്ഥാനങ്ങളോടും ഒന്നിച്ചുനിന്ന് ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

 

Related Articles