Current Date

Search
Close this search box.
Search
Close this search box.

‘കേരള നവോത്ഥാനവും ഇസ്ലാമും’ ചര്‍ച്ച സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്: ‘കേരളീയ നവോത്ഥാനത്തിലെ ഇസ്ലാമിന്റെ പങ്ക്’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ചര്‍ച്ചാസംഗമങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഡിസംബര്‍ 26 ബുധനാഴ്ചയും എറണാകുളത്ത് 30ന് ഞായറാഴ്ചയും. കോഴിക്കോട് 31ന് തിങ്കളാഴ്ചയും പരിപാടികള്‍ നടക്കും.

പ്രളയാനന്തര കേരളീയ സന്ദര്‍ഭത്തിലും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സജീവ സാന്നിധ്യമായി നവോത്ഥാനമെന്ന ആശയം കടന്നു വന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഈ നവോത്ഥാന ചര്‍ച്ചകളിലൊന്നും ഇസ്ലാമിന്റെ ചരിത്രപരമായ ഇടപെടലുകള്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉന്നയിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യന്‍ ദേശീയതയുടെ ചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക രൂപീകരണത്തിലും ഉജ്ജ്വലമായ പാരമ്പര്യമുള്ള സമുദായമാണ് മുസ്ലിംകള്‍. കേരളത്തില്‍ നടന്ന പോര്‍ച്ചുഗീസ് – ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഐതിഹാസികമായ ചെറുത്തു നില്‍പ്പിലും ജാതി-ഫ്യൂഡല്‍ വിരുദ്ധ പോരാട്ടങ്ങളിലും ഇസ്ലാമിന്റെ പങ്ക് ഏറെ വലുതാണ്. കേരളീയ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും വിദ്യാഭ്യാസ മുന്നേറ്റത്തിലുമെല്ലാം മുസ്ലിം സമൂഹം നിര്‍വഹിച്ച പങ്ക് രേഖപ്പെടുത്തപ്പെട്ടതാണ്.

കേരളീയ നവോത്ഥാനത്തിന് ആശയപരമായ പിന്‍ബലമേകുന്നതിലും സൈദ്ധാന്തികമായ ദിശാബോധം നല്‍കുന്നതിലും ഇസ്ലാമിന്റെ ഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആധുനിക യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ചുവടുപിടിച്ചു ഇന്ത്യയിലും കേരളത്തിലും വികസിച്ചു വന്ന സാമൂഹിക ഉണര്‍വിനെയാണ് പൊതുവെ ഇവിടെ നവോത്ഥാനമെന്ന് വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ നവോത്ഥാനം സംഭവിക്കുന്നതിനും മുമ്പേ സാമൂഹിക പുരോഗതിക്ക് ചാലകശക്തിയാകാന്‍ ഇസ്ലാമിന് സാധ്യമായിട്ടുണ്ടെന്ന് കൊളോണിയലാനന്തര പഠനങ്ങള്‍ തെളിയിച്ച കാര്യമാണ്. ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ ജനകീയമാക്കലാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവിധ ഇടങ്ങളിലെ പരിപാടികളില്‍ പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്, എം.ഐ. അബ്ദുല്‍ അസീസ്, ഡോ.പി.കെ പോക്കര്‍, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ഡോ.പി.ജെ വിന്‍സന്റ്, കമല്‍ സി നജ്മല്‍, ജി. ഉഷാകുമാരി, ശൈഖ് മുഹമ്മദ് കാരകുന്ന്, അജയ് ശേഖര്‍, അനൂപ്. വി.ആര്‍, എം.എച്ച് ഇല്യാസ്, സി.പി ജോണ്‍, പി.മുജീബ്റഹ്മാന്‍, കെ.കെ ബാബുരാജ്, കടക്കല്‍ ജുനൈദ്, ഖാലിദ് മൂസാ നദ്വി, സി.ടി സുഹൈബ്, എ. റഹ്മത്തുന്നീസ, പി. റുക്സാന, ഫൈസല്‍ പൈങ്ങോട്ടായി, സമദ് കുന്നക്കാവ്, എം.പി ഫൈസല്‍, എച്ച് ശഹീര്‍ മൗലവി, സിവി ജമീല, എ.അന്‍സാരി തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles