Current Date

Search
Close this search box.
Search
Close this search box.

നിരോധനാജ്ഞ ലംഘിച്ചതിന് സംഗീത് സോമിന് ചുമത്തിയ പിഴ 800 രൂപ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഉത്തരവ് ലംഘിച്ചതിന് ബി.ജെ.പി നേതാവ് സംഗീത് സോമിന് കോടതി ചുമത്തിയ പിഴ 800 രൂപ. 2015ല്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ സംഘ്പരിവാര്‍ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയാണ് സോം ലംഘിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ കോടതിയാണ് ശിക്ഷയായി 800 രൂപ പിഴ ചുമത്തിയത്.

2015 സെപ്തംബര്‍ 28ന് ഗൗതം ബുദ്ധ് നഗറിലെ ബിസാദ ഗ്രാമത്തില്‍ വെച്ചാണ് പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം അഖ്ലാഖിനെ കൊലപ്പെടുത്തിയത്. പിന്നീട്, പ്രാദേശിക ക്ഷേത്രത്തിന്റെ പൊതു സംവിധാനം വഴി ആളുകളോട് കൂടിച്ചേരാന്‍ ഒരു അറിയിപ്പ് ഉണ്ടാവുകയും തുടര്‍ന്ന് ആള്‍ക്കൂട്ടം അഖ്ലാക്കിന്റെ വീട്ടിലേക്ക് പോയി, അദ്ദേഹത്തെ തല്ലിക്കൊല്ലുകയുമായിരുന്നു. സംഘര്‍ഷം തടയുന്നതിനായി പ്രാദേശിക ഭരണകൂടം ചുമത്തിയ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പ് ഏര്‍പ്പെടുത്തുകയും സോം അത് ലംഘിക്കുകയും ചെയ്തിരുന്നു.

നിയമങ്ങള്‍ ലംഘിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188ാം വകുപ്പ് (ഉത്തരവ് അനുസരിക്കാത്തത്) പ്രകാരം സോം കുറ്റക്കാരനാണെന്ന് സൂരജ്പൂര്‍ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രദീപ് കുമാര്‍ കുശ്വാഹ കണ്ടെത്തുകയായിരുന്നു. അതേസമയം, ഉത്തര്‍പ്രദേശിലെ അതിവേഗ കോടതിയാണ് അഖ്ലാഖിനെ കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത്.

 

Related Articles