Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ക്ക് ജോലി നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; പൊലിസിനോട് ബജ്‌റംഗ്ദള്‍

ബംഗളൂരു: ദക്ഷിണ കര്‍ണാടകയില്‍ പൊലിസിനെതിരെ ഭീഷണി മുഴക്കി തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ ജോലി ഞങ്ങളെടുക്കുമെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലിസിനോട് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം മംഗളൂരുവിലെ വിദ്യാര്‍ഥികളുടെ നിശാപാര്‍ട്ടി നടന്ന പബ്ബിലേക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയും ചെയ്തിരുന്നു.

മയക്കുമരുന്ന് ഇടപാട്, പ്രായപൂര്‍ത്തിയാകാത്തവരെ പബ്ബുകളിലേക്ക് പ്രവേശിപ്പിക്കല്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ തങ്ങള്‍ ശരിയാക്കുമെന്നാണ് ഹിന്ദുത്വ സംഘടനകള്‍ സംസ്ഥാന പോലീസിന് മുന്നറിയിപ്പ് നല്‍കിയത്. ഇതിനെതിരെ പൊലീസ് നടപടി ഉറപ്പ് വരുത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ബജ്‌റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ പുനിത് അത്താവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയില്‍ ആരും നിയമം ദുരുപയോഗം ചെയ്യുകയോ യുവതലമുറയെ നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ബജ്റംഗ് ദള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മംഗളൂരുവിലെ പബ്ബില്‍ പാര്‍ട്ടി നടത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച സംഭവവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) നേതാക്കള്‍ ബി ജെ പി എം എല്‍ എ വേദവ്യാസ കാമത്തിനെ കണ്ടു. സമയപരിധിക്കപ്പുറം പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. മയക്കുമരുന്ന് കച്ചവടവും കോളേജ് വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം പരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പോലീസിനോട് സംസാരിക്കുമെന്ന് കാമത്ത് വിഎച്ച്പി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. നേരത്തെ 2009ലും മംഗളൂരുവില്‍ ഹിന്ദുത്വ സംഘടനകള്‍ പബ്ബിലേക്ക് അതിക്രമിച്ചു കയറി പെണ്‍കുട്ടികളെ അടക്കം മര്‍ദിച്ചിരുന്നു.

Related Articles