Current Date

Search
Close this search box.
Search
Close this search box.

മുന്‍ മസ്ജിദ് ഹറം ഇമാമിന് 10 വര്‍ഷം തടവ് ശിക്ഷ

മക്ക: മക്കയിലെ മസ്ജിദ് ഹറം മുന്‍ ഇമാം ശൈഖ് സാലിഹ് അല്‍ താലിബിന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് സൗദി കോടതി. റിയാദിലെ പ്രത്യേക ക്രിമിനല്‍ അപ്പീല്‍ കോടതിയാണ് അദ്ദേഹത്തിന്റെ നിരപരാധിത്വം റദ്ദാക്കിയ ശേഷം ശിക്ഷ വിധിച്ചത്. യു.എസ് ആസ്ഥാനമായുള്ള അവകാശ സംഘടനയായ ഡെമോക്രസി ഫോര്‍ അറബ് വേള്‍ഡ് നൗ (ഡോണ്‍) ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

ഷെയ്ഖ് അല്‍-താലിബിനെ കുറ്റവിമുക്തനാക്കിയ പ്രത്യേക ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതി റദ്ദാക്കുകയായിരുന്നു. 2018 ഓഗസ്റ്റിലാണ് 48കാരനായ താലിബിനെ അറസ്റ്റ് ചെയ്തതെങ്കിലും അറസ്റ്റിനെക്കുറിച്ച് സൗദി അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നില്ല. അന്ന് അദ്ദേഹം മക്കയില്‍ ഇമാമായിരുന്നു. അറസ്റ്റിന്റെ കാരണമൊന്നും അറിയിച്ചിരുന്നില്ല.

സൗദിയിലെ വിനോദ വ്യവസായത്തെ നിയന്ത്രിക്കുന്നതിന്റെ ചുമതലയുള്ള സര്‍ക്കാര്‍ സ്ഥാപനമായ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയെ വിമര്‍ശിച്ച് അദ്ദേഹം ഒരു പ്രസംഗം നടത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നാണ് അവകാശ സംഘടന ആരോപിക്കുന്നത്.
തിന്മയ്ക്കെതിരെ പൊതുസമൂഹത്തില്‍ ശബ്ദമുയര്‍ത്താനുള്ള ഇസ്ലാമിലെ കടമയെക്കുറിച്ച് പ്രസംഗിച്ചതിന് ശേഷമാണ് അല്‍ താലിബിനെ അറസ്റ്റ് ചെയ്തതെന്നും രാജ്യത്തിന്റെ മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളില്‍ നിന്ന് വ്യതിചലിച്ചതായും സംഗീത കച്ചേരികളെയും പരിപാടികളെയും അദ്ദേഹം അപലപിക്കുകയും ചെയ്തതായും സംഘടന പറഞ്ഞു.

2017 മുതല്‍ സൗദി അറേബ്യ ഡസന്‍ കണക്കിന് പ്രസംഗകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയല്‍രാജ്യമായ ഖത്തറിനെതിരെ സൗദി ഉപരോധം നടത്തുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ അനുരഞ്ജനത്തിന് പരസ്യമായി ആഹ്വാനം ചെയ്തതിനാണ് ചിലരെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്. ആഗോളതലത്തില്‍ താലിബിന് നിരവധി അനുയായികളാണുള്ളത്. യൂട്യൂബില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കും ഖുര്‍ആന്‍ പാരായണങ്ങള്‍ക്കും ആയിരക്കണക്കിന് പ്രേക്ഷകരാണുള്ളത്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ …
????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles