Current Date

Search
Close this search box.
Search
Close this search box.

കോളേജ് ഗേറ്റില്‍ നിന്നും താലിബാന്‍ തങ്ങളെ തിരിച്ചയച്ചെന്ന് അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍

കാബൂള്‍: അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാനെതിരെ ആഗോള തലത്തില്‍ വീണ്ടും പ്രതിഷേധമുയരുകയാണ്.
സ്ത്രീകളെ ഉന്നത വിദ്യാഭ്യാസം തടയുമെന്ന് താലിബാന്‍ ഭരണകൂടം പറഞ്ഞതിന് പിന്നാലെ, അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തിരിച്ചയച്ചു.

ചൊവ്വാഴ്ച അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സര്‍വകലാശാലകള്‍ക്ക് അയച്ച കത്തിലാണ് സ്ത്രീകളെ വിലക്കിയുള്ള തീരുമാനം അറിയിച്ചത്. വിവേചനപരമായ നീക്കത്തിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും വിദേശ സര്‍ക്കാരുകളില്‍ നിന്നും ഐക്യരാഷ്ട്രസഭയില്‍ നിന്നും അപലപനം നേരിട്ടിരുന്നു. തീരുമാനം ‘ഉടന്‍’ പിന്‍വലിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ യു.എന്‍ ദൗത്യം താലിബാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

‘ഞങ്ങള്‍ സര്‍വ്വകലാശാലയിലേക്ക് പോയി, താലിബാന്‍ ഗേറ്റില്‍ ഉണ്ടായിരുന്നു, ഞങ്ങളോട് പറഞ്ഞു, ‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല’ … ആ സമയം എല്ലാവരും കരയുകയായിരുന്നു’ കാബൂളിലെ ഒരു സ്വകാര്യ സര്‍വ്വകലാശാലയിലെ ബിസിനസ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയായ ഷൈസ്ത പറഞ്ഞു.

സ്ത്രീ വിദ്യാഭ്യാസത്തെ അനുകൂലിച്ച് നേരത്തെ അഫ്ഗാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയും ഭരണ വക്താവും ഉള്‍പ്പെടെ നിരവധി താലിബാന്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നുവെങ്കിലും, താലിബാന്റെ പരമോന്നത ആത്മീയ നേതാവാണ് പുതിയ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ നഗരമായ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള താലിബാന്റെ പരമോന്നത ആത്മീയ നേതാവിന്റെതാണ് ഇത്തരം പ്രധാന തീരുമാനങ്ങളില്‍ അന്തിമ വാക്കെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Related Articles