Current Date

Search
Close this search box.
Search
Close this search box.

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം: ജൂണ്‍ ഒന്നിന് ദേശീയ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം

ഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ജൂണ്‍ ഒന്നിന് ദേശീയ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കര്‍ഷക സംഘടന. സമരത്തിന്റെ ആദ്യം മുതല്‍ തന്നെ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍ രംഗത്തു വന്നിരുന്നു.

പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണയ്ക്കുന്നതിനായി 40ഓളം കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ജൂണ്‍ ഒന്നിന് രാജ്യവ്യാപകമായി പ്രകടനത്തിനും ആഹ്വാനം ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗാ നദിയില്‍ എറിയുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് ഇടപെടുകയും അങ്ങനെ ചെയ്യരുതെന്ന് അവരെ ബോധ്യപ്പെടുത്തുകയും അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര സര്‍ക്കാരിന് അഞ്ച് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.

‘ഇന്ത്യന്‍ ഗുസ്തിക്കാര്‍ക്കും സമൂഹത്തിലെ മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം ഉറപ്പാക്കാനും ബ്രിജ് ഭൂഷന്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യയിലുടനീളം പ്രകടനങ്ങള്‍ നടത്താന്‍ ട്രേഡ് യൂണിയനുകള്‍, സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അക്കാദമീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ വിഭാഗങ്ങളുടെയും സമിതിയുമായും മോര്‍ച്ച ഏകോപിപ്പിക്കും.’ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

ഗുസ്തിക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വ്യാഴാഴ്ച മഹാപഞ്ചായത്ത് നടക്കുമെന്നും ടികായത് പറഞ്ഞു. വനിത ഗുസ്തി താരങ്ങളെ ലൈംഗീകമായി പീഢിപ്പിച്ച റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളായ ഒളിമ്പ്യന്‍ സാക്ഷി മാലിക, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മാസമായി ഡല്‍ഹിയില്‍ സമരം നടക്കുന്നത്.

Related Articles