Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍: വിജയാഘോഷവുമായി തെരുവിലിറങ്ങി ഫലസ്തീനികള്‍

ഗസ്സ സിറ്റി: നീണ്ട 11 ദിവസത്തെ ഇസ്രായേലിന്റെ ഫലസ്തീന്‍ ആക്രമണത്തിന് താല്‍ക്കാലിക അറുതിയായതിന് പിന്നാലെ ഗസ്സയുടെ തെരുവുകളില്‍ വിജയാഘോഷവുമായി ഹമാസ് പ്രവര്‍ത്തകര്‍. വ്യാഴാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയും ജുമുഅ നമസ്‌കരാത്തിനു ശേഷവും ആയിരക്കണക്കിന് ഫലസ്തീനികളാണ് പ്രകടനമായി തെരുവിലിറങ്ങിയത്. ഇത് തങ്ങളുടെ വിജയമാണെന്ന് ഹമാസ് അവകാശപ്പെട്ടു. ഫലസ്തീനിലെ പ്രതിരോധ സംഘടനമായ ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും വിജയാഹ്ലാദവുമായി തെരുവിലിറങ്ങി. ഫലസ്തീന്‍ പതാകയും ഹമാസിന്റെ പതാകയുമേന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്.

ബാന്റുകളും വാദ്യഘോഷങ്ങളും വെടിക്കെട്ട് നടത്തിയുമാണ് ഫലസ്തീനികള്‍ വെടിനിര്‍ത്തല്‍ ആഘോഷിച്ചത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം റാലിയില്‍ അണിനിരന്നു. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നേടിയ ചെറുത്തുനില്‍പ്പിന്റെ വിജയമാണിതെന്ന് മസ്ജിദുകളിലെ ലൗഡ് സ്പീക്കറുകളില്‍ നിന്നും ആരവമുയര്‍ന്നു.

പരസ്പരം കെട്ടിപ്പിടിച്ചും ഫലസ്തീന് വേണ്ടി മുദ്രാവാക്യം മുഴക്കിയും ആയിരങ്ങള്‍ തെരുവിലേക്കൊഴുകി. ഗസ്സ് സിറ്റി, റാമല്ല, ബത്‌ലഹേം, കിഴക്കന്‍ ജറൂസലേം എന്നിവിടങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ അരങ്ങേറി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറാണ് പ്രാബല്യത്തില്‍ വന്നത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് നേരത്തെ ഹമാസ് ആവശ്യപ്പെട്ടിരുന്നു.

മേയ് 10ന് ആരംഭിച്ച ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഇതിനകം 232 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 65 പേര്‍ കുട്ടികളാണ്. 1500ലധികം പേര്‍ക്കാണ് പരുക്കേറ്റത്. രണ്ട് കുട്ടികളടക്കം 12 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. 300 ഇസ്രായേലികള്‍ക്കാണ് പരുക്ക് പറ്റിയത്.

Related Articles