Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ബന്ധത്തെ ഭൂരിഭാഗം അറബ് ജനതയും എതിര്‍ക്കുന്നു

വിവിധ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായുണ്ടാക്കിയ നയതന്ത്ര കരാറിനെ അറബ് രാജ്യങ്ങള്‍ ഇപ്പോഴും എതിര്‍ക്കുകയാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. 2019-20 അറബ് അഭിപ്രായ കണക്കെടുപ്പിലൂടെയാണ് വിവിധ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഇസ്രായേല്‍ കരാറിനെ എതിര്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.

13 അറബ് രാജ്യങ്ങളില്‍ നിന്നായി 28,000 അറബ് ജനതയാണ് സര്‍വേയില്‍ പങ്കെടുത്തത്. 2019 നവംബറിനും 2020 സെപ്റ്റംബറിനും ഇടയിലാണ് സര്‍വേ നടത്തിയത്. അറബ് മേഖലയിലെ തൊഴിലില്ലായ്മയെക്കുറിച്ചും അഴിമതിയും ജീവിതനിലവാരത്തെക്കുറിച്ചുള്ള ഉത്കണ്ഠയുമെല്ലാം വിവിധ പൗരന്മാര്‍ സര്‍വേയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജോര്‍ദാന്‍, ഫലസ്തീന്‍, ലെബനാന്‍, ഈജിപ്ത്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിഭാഗം ജനതയും തങ്ങളുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇസ്രായേലെന്നാണ് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ഈ വര്‍ഷം ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ രാജ്യങ്ങളായ ബഹ്റൈനും യു.എ.ഇയിലെയും ജനങ്ങളെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പാത പിന്തുടരുമെന്ന് സംശയിക്കുന്ന ഒമാനെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് Arab Opinion Index ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇറാനാണ് ഏറ്റവും വലിയ ഭീഷണിയെന്നാണ് സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. നിരവധിയാളുകള്‍ അമേരിക്കയെയും ഒരു ഭീഷണിയായാണ് കാണുന്നത്. 37 ശതമാനം സുഡാനെയും ഭീഷണിയായി കാണുന്നുണ്ട്. ഇസ്രായേലുമായുള്ള ബന്ധത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സുഡാനിലെയും സൗദിയിലെയും 80 ശതമാനത്തില്‍ താഴെ ആളുകളും എതിര്‍ക്കുന്നുവെന്നാണ് അറിയിച്ചത്.

അതേസമയം, ഇസ്രായേലുമായി ഇതിനകം ബന്ധമുണ്ടാക്കിയ ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരില്‍ 85 ശതമാനത്തിന് മുകളില്‍ ആളുകളും ഇസ്രായേല്‍ ബന്ധത്തെ എതിര്‍ക്കുകയാണ് ചെയ്തത്. സര്‍വേ നടത്തിയ ഭൂരിഭാഗം രാജ്യങ്ങളും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നതായും പറഞ്ഞു.

സപ്റ്റംബര്‍ 15നാണ് വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അബ്രഹാം ഉടമ്പടി എന്നാണ് കരാറിന് പേര് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. ഓഗസ്റ്റ് 13നാണ് ട്രംപ് ആദ്യമായി യു.എ.ഇ-ഇസ്രായേല്‍ കരാര്‍ പ്രഖ്യാപിക്കുന്നത്.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങള്‍ യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ ഇസ്രായേലുമായി ബന്ധം പുന:സ്ഥാപിക്കും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്. നേരത്തെ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

 

Related Articles