Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി: ശിവലിംഗം ശാസ്ത്രീയമായി പരിശോധിക്കാന്‍ കഴിയുമോയെന്ന് ഹൈക്കോടതി

അലഹബാദ്: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തി എന്നവകാശപ്പെടുന്ന ശിവലിംഗം ശാസ്ത്രീയമായി പരിശോധിക്കാന്‍ കഴിയുമോയെന്ന് പുരാവസ്തു വകുപ്പിനോട് ആരാഞ്ഞ് അലഹാബാദ് ഹൈക്കോടതി.

ഹിന്ദു വിഭാഗം അവകാശപ്പെടുന്നത് പോലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്താന്‍ കഴിയുമോ എന്ന സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എ.എസ്.ഐ) ആവശ്യപ്പെട്ടത്.

മസ്ജിദിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വസ്തു പരിശോധിക്കാന്‍ ഒരു സ്വതന്ത്ര സംഘം വേണമെന്ന് ഹിന്ദു പക്ഷം ആവശ്യപ്പെട്ടിരുന്നു, അത് ശിവലിംഗമാണെന്നാണ് അവരുടെ അവകാശവാദം.

എന്നാല്‍, ഈ വസ്തു വുസുഖാനയിലെ അഥവാ വുദു ടാങ്കിലെ ഫൗണ്ടേന്‍ ആണെന്നും അല്ലാതെ ഹിന്ദു ദൈവമായ ശിവന്റെ പ്രതീകാത്മക പ്രതിനിധാനമല്ലെന്നുമാണ് മസ്ജിദിന്റെ പരിപാലകരായ അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി അവകാശപ്പെടുന്നത് .

മസ്ജിദ് പരിസരത്ത് നടത്തുന്ന ഏത് തരത്തിലുള്ള സര്‍വേയും മെയ് മുതലുള്ള സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകുമെന്ന് ഒക്ടോബര്‍ 14 ന് വാരണാസി കോടതി പറഞ്ഞിരുന്നു. വസ്തുവിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 22ന് ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കാര്‍ബണ്‍ ഡേറ്റിംഗ് എന്നത് പുരാവസ്തു വസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതിയാണ്.

ഒക്ടോബര്‍ 14ലെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ജസ്റ്റിസ് ജെ.ജെ മുനീറിന്റെ സിംഗിള്‍ ബെഞ്ച് ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. നവംബര്‍ 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

Related Articles