Current Date

Search
Close this search box.
Search
Close this search box.

യു.എസ് ക്യാപിറ്റോള്‍ ആക്രമണം: സമാന സാഹചര്യം ഭയന്ന് ഇസ്രായേലും

തെല്‍അവീവ്: കഴിഞ്ഞ ദിവസം അമേരിക്കയുടെ ഭരണസിരാ കേന്ദ്രമായ യു.എസ് ക്യാപിറ്റോളിലേക്ക് ഒരു വിഭാഗം തീവ്ര വംശീയവാദികള്‍ നടത്തിയ അതിക്രമവും അഴിഞ്ഞാട്ടവുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇപ്പോഴും കത്തിനില്‍ക്കുന്ന പ്രധാന ചര്‍ച്ച വിഷയം. പദവിയൊഴിഞ്ഞ് പോകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളാണ് ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നും ആക്രമണത്തിലൂടെ അമേരിക്കന്‍ ഭരണം പിടിച്ചെടുക്കാമെന്നും ലക്ഷ്യമിട്ട് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയത്.

സമാനമായ സാഹചര്യം നേരിട്ടേക്കുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ ഇസ്രായേലും. യു.എസ് കോണ്‍ഗ്രസില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ തയാറായിട്ടില്ല. ഈ ശൈലിയെ വിമര്‍ശിച്ച് ഇസ്രായേലിലെ പ്രതിപക്ഷ പാര്‍ട്ടികളും ഉദ്യോഗസ്ഥരും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

അതിനാല്‍ തന്നെ സമാനമായ ആക്രമണം ഇസ്രായേലിലു സംഭവിച്ചേക്കുമോ എന്ന ഭയത്തിലാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍. കാരണം ഇസ്രായേല്‍ പുതുതായി അധികാരത്തിലേറ്റ ബെന്നി ഗാന്റ്‌സ്- നെതന്യാഹു ഐക്യ സര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായത്തെത്തുടര്‍ന്ന് സര്‍ക്കാരുമായി മുന്നോട്ട് പോകാനാകാതെ വരികയും വരും മാസങ്ങളില്‍ പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്യുകയാണ്.

‘ഈ രംഗം ഇസ്രായേലില്‍ പുനര്‍നിര്‍മ്മിക്കില്ലെന്ന് പറയാന്‍ തന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിനോട് പറയാന്‍ നെതന്യാഹു തയാറാകണമെന്ന്’ പാര്‍ലമെന്റ് അംഗം ഒര്‍ന ബര്‍ബിവായി പറഞ്ഞു.

‘നെതന്യാഹു നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ പ്രകോപനം തുടരുന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം വാഷിംഗ്ടണില്‍ സംഭവിച്ചത് പോലെ ഇസ്രായേലില്‍ സംഭവിച്ചേക്കാം’- മറ്റൊരു അംഗമായ അലി അവിദാര്‍ പറഞ്ഞു.

ഏറ്റവും ശക്തവും പ്രമുഖവുമായ ജനാധിപത്യ രാഷ്ട്രമായിരുന്നിട്ടും യു.എസില്‍ ഇങ്ങിനെ സംഭവിച്ചത് ഒരു വ്യക്തിക്ക് ഒരു സംസ്ഥാനത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്താന്‍ കഴിയുമെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതിനാല്‍, ഇസ്രായേലിലെ ജനാധിപത്യ വ്യവസ്ഥയെ വളരെ വൈകുന്നതിന് മുമ്പ് തന്നെ നാം അതിനെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ധ്രുവീകരണവും തീവ്രവാദവും കാരണം ഇസ്രായേലില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ചാണ് അമേരിക്കയില്‍ സംഭവിച്ച കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും ന്യൂ ഹോപ് പാര്‍ട്ടി നേതാവ് ഗിദിയോന്‍ സഅര്‍ പറഞ്ഞു.

വാഷിംഗ്ടണിലെ മ്ലേച്ഛമായ അസ്വസ്ഥതകളെക്കുറിച്ച് പ്രതികരിക്കാന്‍ നെതന്യാഹു വിസമ്മതിച്ചത് യാദൃശ്ചികമായി വന്നതല്ല, കാരണം തനിക്ക് ഭരണകൂടത്തേക്കാള്‍ പ്രാധാന്യമുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്- മറ്റൊരു പാര്‍ലമെന്റ് അംഗമായ റോണ്‍ ഹുല്‍ദായി പറഞ്ഞു.

Related Articles