Current Date

Search
Close this search box.
Search
Close this search box.

‘ജയ് ശ്രീറാം’ കൊലവിളിയാകുന്നു; പ്രധാനമന്ത്രിക്ക് പ്രമുഖര്‍ കത്തയച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ അരങ്ങേറുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രമുഖരുടെ നേതൃത്വത്തില്‍ കത്തയച്ചു. വിവിധ മേഖലകളിലെ 49 പ്രമുഖരാണ് കത്തയച്ചത്.

രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കണമെന്നും ജയ് ശ്രീറാം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, അപര്‍ണ സെന്‍ എന്നിവരടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തുന്നതാണ് കത്ത്.

ജയ് ശ്രീറാം എന്നതിനെ കൊലവിളിയാക്കി ദുരുപയോഗം ചെയ്യുകയാണ്. മതത്തിന്റെ പേരില്‍ ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍ തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

രാജ്യത്തെ സ്‌നേഹിക്കുന്ന സമാധാന സ്‌നേഹികളായ ജനതയെ ആശങ്കപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. എന്ത് നടപടിയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സ്വീകരിച്ചത്? ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ താങ്കള്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമല്ല. ഒരു ഭരണകക്ഷിയും രാജ്യത്തിന്റെ പര്യായമല്ല. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി മുദ്ര കുത്തരുത്. ഇന്ത്യയുടെ കരുത്തായ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. രാജ്യത്തെ തകര്‍ക്കുന്ന അത്തരം നടപടികള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles