Current Date

Search
Close this search box.
Search
Close this search box.

569 ഫലസ്തീനികളെ ഇസ്രായേല്‍ പൊലിസ് അറസ്റ്റു ചെയ്തു

തെല്‍അവീവ്: ജൂതന്മാരുടെ ആഘോഷത്തിന്റെ മുന്നോടിയായി 569 ഫലസ്തീനികളെ ഇസ്രായേല്‍ പൊലിസ് അറസ്റ്റു ചെയ്തു. ഡീപ് ക്ലീന്‍ ഓപറേഷന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ ആരംഭിച്ച നടപടിയിലാണ് ഇസ്രായേലിലെ നൂറുകണക്കിന് ഫലസ്തീനികളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. മതിയായ രേഖകളില്ലാത്ത അനധികൃത തൊഴിലാളികളെയാണ് അറസ്റ്റു ചെയ്തതെന്ന് ഇസ്രായേല്‍ പൊലിസ് പറഞ്ഞു.

2300 പൊലിസുകാരാണ് ഓപറേഷന് നേതൃത്വം നല്‍കുന്നത്. ഇവരെ സഹായിക്കാനായി വളണ്ടിയര്‍മാരും എയര്‍ഫോഴ്‌സും രംഗത്തുണ്ട്. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റെയ്ഡിലാണ് ഫലസ്തീന്‍ തൊഴിലാളികളെ അറസ്റ്റു ചെയ്യുന്നത്. 569 പേരില്‍ 468 പേരും അംഗീകാരമില്ലാതെയാണ് ഇസ്രായേലില്‍ ജോലിയെടുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 17 പേര്‍ തുറമുഖത്ത് ജോലി ചെയ്യുന്നവരും 24 പേര്‍ ഗതാഗത മേഖലയിലും അനധികൃത തൊഴിലാളികള്‍ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ അറസ്റ്റ് ആണിതെന്ന് ഇസ്രായേല്‍ പൊലിസ് വക്താവ് മിക്കി റോസന്‍ ഫെല്‍ഡ് പറഞ്ഞു.

അതേസമയം, ഇസ്രായേലിന്റെ നടപടിക്കെതിരെ വിവിധ എന്‍.ജി.ഒകള്‍ രംഗത്തുവന്നു. തൊഴിലാളികള്‍ക്കെതിരെ വംശീയമായും വര്‍ഗീയമായും നടത്തുന്ന ശുദ്ധീകരണമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും എന്‍.ജി.ഒകള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഇസ്രോയേല്‍ ഇതുപോലെ തൊഴിലാളികളെ അറസ്റ്റു ചെയ്തിരുന്നു.

 

Related Articles