Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിസ്ഥാന്‍: രണ്ടര കോടി ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ ഭരണത്തിലേറിയ അഫ്ഗാനിസ്ഥാനില്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. അത്യന്തം ഗുരുതരമായ മാനുഷിക-സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് രണ്ടര കോടി ആളുകളാണ് അടിയന്തര മാനുഷിക സഹായം ആവശ്യമായിട്ടുള്ളതെന്നാണ് യു.കെ ആസ്ഥാനമായുള്ള എന്‍.ജി.ഒ ആയ ‘സേവ് ദി ചില്‍ഡ്രന്‍’ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഒന്നരക്കോടി കുട്ടികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, അഫ്ഗാനിസ്ഥാനിലെ 9.2 ദശലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ 18.9 ദശലക്ഷം ആളുകള്‍ക്ക് 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ ഗുരുതരമായ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ ജനസംഖ്യയുടെ 97 ശതമാനവും ദാരിദ്ര്യത്തില്‍ ജീവിക്കാനും ദാരിദ്ര്യരേഖയ്ക്ക് താഴെയാകാനുമുള്ള സാധ്യതയാണ് നേരിടുന്നതെന്ന് യു.എന്‍ വികസന പരിപാടിയെ ഉദ്ധരിച്ച് സേവ് ദി ചില്‍ഡ്രന്‍സിന്റെ പഠനം പറയുന്നു.

അഞ്ച് വയസ്സിന് താഴെയുള്ള 1.1 ദശലക്ഷം അഫ്ഗാന്‍ കുട്ടികളെ രൂക്ഷമായ പോഷകാഹാരക്കുറവ് ബാധിക്കുന്നുണ്ട്. കോവിഡ് -19, അഞ്ചാംപനി, അക്യൂട്ട് വാട്ടര്‍ ഡയേറിയ (എ.ഡബ്ല്യു.ഡി), ഡെങ്കിപ്പനി തുടങ്ങിയ വിവിധ പകര്‍ച്ചവ്യാധികള്‍ അഫ്ഗാനെ അലട്ടുന്നുണ്ട്.

സമ്പദ്വ്യവസ്ഥയുടെ തുടര്‍ച്ചയായുള്ള തകര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം, സാമ്പത്തിക അസ്ഥിരത, ഉയര്‍ന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന ഭക്ഷ്യ-കാര്‍ഷിക ഉല്‍പന്ന വിലകള്‍, അന്താരാഷ്ട്ര ഫണ്ടിങ്ങിലെ ദ്രുതഗതിയിലുള്ള ഇടിവ്, ആസ്തികള്‍ നഷ്ടപ്പെടല്‍, സാമ്പത്തിക ബന്ധങ്ങളുടെ തടസ്സം എന്നിവ കാരണമാണ് ഇത് സംഭവിച്ചതെന്നും സേവ് ദി ചില്‍ഡ്രന്‍ പറയുന്നു.

 

Related Articles