Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ജയിലുകള്‍ക്കുള്ളില്‍ 18000 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് ആംനസ്റ്റി

ദമസ്കസ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സിറിയന്‍ ജയിലുകളില്‍ വെച്ച് പതിനെട്ടായിരത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപോര്‍ട്ട്. തിളച്ച വെള്ളം ഉപയോഗിച്ചുള്ള പീഡനങ്ങളും ജീവന്‍ പോകുന്നത് വരെയുള്ള മര്‍ദനമുറകളും അടക്കമുള്ള പീഡനരീതികളെ കുറിച്ച് വിവരിക്കുന്ന ഭീകരമായ വിവരത്തിലാണ് ഇക്കാര്യം പറയുന്നത്. 2011 മാര്‍ച്ച് മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കാലയളവില്‍ തടവിലാക്കപ്പെട്ട 17723 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. സിറിയന്‍ വിപ്ലവത്തിന് മുമ്പ് മാസത്തില്‍ മൂന്നോ നാലോ പേരായിരുന്നു ജയിലുകളില്‍ മരണപ്പെട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ മുന്നൂറിലേറെ പേര്‍ ഭരണകൂടത്തിന്റെ ജയിലുകള്‍ മരമത്തിന് കീഴ്‌പ്പെടുന്നു എന്ന് ചുരുക്കം. യഥാര്‍ഥ കണക്കുകള്‍ ഇതിനും എത്രയോ മുകളിലായിരിക്കുമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. 2011ന് ശേഷം ജയിലിലടക്കപ്പെടുകയോ കാണാതാവപ്പെടുകയോ ചെയ്ത് രണ്ട് ലക്ഷത്തിലേറെ ആളുകളുണ്ടെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഭരണകൂടത്തിന് എതിരെ നിലകൊള്ളുന്നവരെന്ന് സംശയിക്കുന്ന സാധാരണക്കാരായ ആളുകളെയാണ് ഇത്തരത്തില്‍ മനുഷ്യത്വത്തിന് പോലും നിരക്കാത്ത കടുത്ത പീഢനത്തിന് ഇരയാക്കുന്നതെന്ന് ആംനസ്റ്റിയുടെ മിഡിലീസ്റ്റ് – വടക്കന്‍ ആഫ്രിക്ക മേഖലകളുടെ ചുമതലയുള്ള ഡയറക്ടര്‍ ഫിലിപ്പ് ലൂഥര്‍ പറഞ്ഞു. പീഢനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട 65 പേരുടെ സാക്ഷ്യങ്ങളും റിപോര്‍ട്ടിനൊപ്പം ആംനസ്റ്റി ചേര്‍ത്തിട്ടുണ്ട്. സിറിയന്‍ ഇന്റലിജന്‍സിന്റെ മേല്‍നോട്ടത്തിലുള്ള സിദ്‌നായ മിലിറ്റിറി ജയിലാണ് പീഢനങ്ങള്‍ക്ക് ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയില്‍.
തടവറയില്‍ ആളുകള്‍ മരണത്തിന് കീഴടങ്ങുന്നതിന് സാക്ഷികളാവേണ്ടി വന്നിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ക്കൊപ്പം തടവറിയില്‍ പാര്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. തടവറയില്‍ എത്തുന്നവരെ ‘വെല്‍കം പാര്‍ട്ടി’ എന്ന പേരില്‍ ഇരുമ്പു ദണ്ഡുകളും ഇലക്ട്രിസിറ്റികേബിളുകളും ഉപയോഗിച്ച് കടുത്ത മര്‍ദനമാണ് വരവേല്‍ക്കുകയെന്നും അവര്‍ വിവരിക്കുന്നു. ഷോക്കേല്‍പ്പിക്കുക, നഖങ്ങള്‍ പിഴുതെടുക്കുക, തിളച്ച വെള്ളം ദേഹത്ത് ഒഴിക്കുക തുടങ്ങിയ പീഡനമുറകള്‍ക്കാണ് ചോദ്യം ചെയ്യുമ്പോള്‍ തടവുകാര്‍ വിധേയരാക്കപ്പെടുന്നതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles