Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ ബോംബാക്രമണം:35 പേര്‍ കൊല്ലപ്പെട്ടു

ഇദിലിബ്: തുര്‍ക്കി അതിര്‍ത്തിക്കു സമീപം ഇദിലിബിലെ അഭയാര്‍ഥി ക്യാമ്പില്‍ ഐ.എസ് നടത്തിയ ബോംബാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കുപറ്റി. ഇദിലിബിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ അത്മ അഭയാര്‍ഥി ക്യാമ്പില്‍ ഫ്രീ സിറിയന്‍ ആര്‍മി (എഫ്.എസ്.എ)യുടെ പട്രാളിങ് വിഭാഗം മാറുന്നതിനിടെയാണ്‌ സ്‌ഫോടനം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഐ.എസ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യക്തമാക്കി.

അഭയാര്‍ഥി ക്യാമ്പില്‍ എഫ്.സി.എയുടെ നിരീക്ഷണമില്ലാത്ത സമയത്ത് സ്‌ഫോടക വസ്തുക്കളുമായി വന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കുപറ്റിയ നിരവധിപേരെ തുര്‍ക്കിയിലെ ആശുപത്രികളിലേക്ക് മാറ്റി. ഈ പ്രദേശം തുര്‍ക്കി നടത്തുന്ന ഓപറേഷന്‍ യൂഫ്രട്ടീസ് ഷീല്‍ഡിന്റെ കീഴില്‍ വരുന്നതല്ല. അതിര്‍ത്തി മേഖലയില്‍ ഐ.എസ് ഉള്‍പ്പെടെയുള്ളരുടെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും സഖ്യസേനയെ സഹായിക്കുന്നതിനുമായി തുര്‍ക്കി കഴിഞ്ഞമാസമാണ് ഓപറേഷന്‍ യൂഫ്രട്ടീസ് ഷീല്‍ഡിന് തുടക്കംകുറിച്ചത്. തുര്‍ക്കി യുദ്ധവിമാനങ്ങളുടെയും ആയുധങ്ങളുടെയും ടാങ്കുകളുടെയും സഹായത്തോടെയാണ്  ഫ്രീ സിറിയന്‍ ആര്‍മി ഇവിടെ പോരാട്ടം നടത്തുന്നത്.

സിറിയയില്‍ അഞ്ചു വര്‍ഷത്തെ സംഘര്‍ഷത്തിനിടെ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 470000 ത്തിലധികമായതായി ബൈറുത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസേര്‍ച്ച് വ്യക്തമാക്കി.

Related Articles