Current Date

Search
Close this search box.
Search
Close this search box.

സദ്ദാമിന്റെ മകള്‍ റഅദ് ഇറാഖിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍

ബഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മകള്‍ റഅദ് ഹുസൈനെ ഇറാഖ് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. റഅദിനെക്കൂടാതെ മറ്റു 59 പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.എസ്.ഐ.എസ്,അല്‍ഖ്വയ്ദ എന്നീ ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സദ്ദാമിന്റെ മകളുള്‍പ്പെടെയുള്ളവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പട്ടികയില്‍ 28 പേര്‍ക്ക് ഐ.എസ് പോരാളികളുമായി ബന്ധമുണ്ടെന്നും 12 പേര്‍ക്ക് അല്‍ഖ്വയ്ദയുമായും 20 പേര്‍ക്ക് ബാത് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം. ഇതിന്റെ വിശദാംശങ്ങളടങ്ങിയ രേഖഖളും പുറത്തുവിട്ടിട്ടുണ്ട്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സദ്ദാമിന്റെ മൂത്ത മകളായ റഅദ് ഇപ്പോള്‍ ജോര്‍ദാനിലാണ് താമസിക്കുന്നത്.

പട്ടികയിലുള്ളവരെല്ലാം ഇറാഖികളാണ്. ഇറാഖിലേക്ക് യുദ്ധം ചെയ്യാനായി റിക്രൂട്ട് ചെയ്യുന്ന ലബനാനിലെ മാന്‍ ബാഷറുമായി ബന്ധമുള്ളവരാണിവരെന്നാണ് ഇറാഖ് സര്‍ക്കാരിന്റെ ആരോപണം. അതേസമയം, ഐ.എസിന്റെ നേതാവായ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പേര് പട്ടികയിലില്ല. അതിന്റെ കാരണം വിശദീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ല്‍ തുടങ്ങിയ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിലൂടെ ഇറാഖിന്റെ ഭൂപ്രദേശത്തിന്റെ മൂന്നാമത്തെ ഭാഗവും ഐ.എസ് കൈയേറിയിരിക്കുകയാണ്. അമേരിക്കയുടെ പിന്തുണയുള്ള ഇറാഖ് സൈന്യത്തിനെതിരേയാണ് ഐ.എസ് പോരാടുന്നത്.

 

Related Articles