Current Date

Search
Close this search box.
Search
Close this search box.

ശിയാ വഖ്ഫ് ബോര്‍ഡിന്റെ സത്യവാങ്മൂലം രാഷ്ട്രീയപ്രേരിതം: സുന്നീ വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്ന് സുന്നി വഖഫ് ബോര്‍ഡ്. ശിയ ബോര്‍ഡിന്റെ സത്യവാങ്മൂലം രാഷ്ട്രീയ നേട്ടത്തിനുള്ളതാണ്. ശിയ ബോര്‍ഡിന് അത്തരത്തിലൊരു നിര്‍ദേശം ഉന്നയിക്കാനുള്ള അവകാശമില്ലെന്നും കോടതിയില്‍ അത് വിലപ്പോകില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് കൗണ്‍സില്‍ അംഗം സഫര്‍യാബ് ജിലാനി അറിയിച്ചു. അയോധ്യക്കേസില്‍ മധ്യസ്ഥം വഹിക്കാന്‍ അവകാശമുണ്ടെന്ന ശിയാ വഖഫ് ബോര്‍ഡിന്റെ വാദം അടിസ്ഥാനരഹിതമാണ്.  1989 ല്‍ വിശ്വഹിന്ദു പരിഷത്ത് അലഹബാദ് ഹൈകോടതിയില്‍ നല്‍കിയ കേസില്‍ ശിയ വധഫ് ബോര്‍ഡിനെ കക്ഷിയായി ചേര്‍ത്തിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു നിലപാടല്ല ബോര്‍ഡ് ഹൈകോടതിയില്‍ അറിയിച്ചത്. അതിനാല്‍ പരോമന്നത കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലം നിയമസാധുതയില്ലാത്തതാണെന്നും ജിലാനി പറഞ്ഞു. അയോധ്യയിലെ ഭൂമി ശിയാ വിഭാഗത്തിന്റെയോ സുന്നിയുടേതോ എന്നല്ല, അത് അല്ലാഹുവിനെ ആരാധിക്കാനുള്ള ഇടമാണെന്ന വാദമാണ് നേതാക്കള്‍ ഉന്നയിച്ചത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്നും കര്‍സേവകര്‍ പൊളിച്ച പള്ളി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നിര്‍മിക്കാമെന്നുമുള്ള നിര്‍ദേശം അംഗീകരിക്കാനാവില്ല.
ബാബരി പള്ളി നിര്‍മിച്ച മിര്‍ ബാഖ്വി പള്ളി താല്‍ക്കാലികമായി നോക്കിനടത്താനുളള അധികാരം ശിയ വഖഫ് ബോര്‍ഡിനാണ് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തങ്ങള്‍ക്കു മാത്രമേ അധികാരമുള്ളൂയെന്നുമാണ് ശിയ ബോര്‍ഡിന്റെ വാദം. കഴിഞ്ഞ ദിവസം ശിയ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേന്ദ്ര ശിയ വഖഫ് ബോര്‍ഡില്‍ നിന്നും നാലുപേരെ പുറത്താക്കുകയും ബോര്‍ഡില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതോടെ ചെയര്‍മാന്‍ വസീം റിസ്‌വി ആര്‍.എസ്.എസ് നേതാക്കളും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് സത്യവാങ് മൂലമെന്നും ജിലാനി ആരോപിച്ചു.
പള്ളി സ്ഥിതിചെയ്ത ഭൂമിയില്‍ നിന്ന് ഉചിതമായ സ്ഥലത്ത്, മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ തന്നെ പള്ളി നിര്‍മിക്കാമെന്നും അയോധ്യയില്‍ രാമക്ഷേത്രം പണിയാമെന്നുമാണ് 30 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചത്. കേസ് വെള്ളിയാഴ്ച മൂന്നംഗ ബെഞ്ച് പരിഗണിക്കും.

Related Articles