Current Date

Search
Close this search box.
Search
Close this search box.

വിദേശഫണ്ട് കേസ്; സാകിര്‍ നായികിന്റെ ഫൗണ്ടേഷനെതിരായ കേസ് അവസാനിപ്പിച്ചു

മുംബൈ: മതപ്രബോധകന്‍ ഡോ. സാകിര്‍ നായികിന്റെ മേല്‍നോട്ടത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷനെതിരായ വിദേശഫണ്ട് കേസ് മുംബൈ പൊലീസ് അവസാനിപ്പിച്ചു. പരാതിക്കാരനില്ലാത്ത സാഹചര്യത്തിലാണ് കേസ് എഴുതിത്തള്ളാന്‍ തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ സംശയാസ്പദമായ നിലയില്‍ വിദേശത്തുനിന്ന് 60 കോടി രൂപയത്തെിയതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് തുകയത്തെിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സാകിര്‍ നായികിന്റെ ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നും തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍, അനധികൃതമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണമാണിതെന്നത് സംബന്ധിച്ച പരാതിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സ്‌ഫോടന കേസിലെ പ്രതികള്‍ക്ക് പ്രചോദനമായത് സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളാണെന്ന വാര്‍ത്തയാണ് ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷനെതിരെ അന്വേഷണം നടത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം പിന്നീട് വാര്‍ത്തതന്നെ പിന്‍വലിച്ചെങ്കിലും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോയി. ഫൗണ്ടേഷന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സംസ്ഥാന കേന്ദ്ര ഏജന്‍സികളും അന്വേഷിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മേലില്‍ ഫൗണ്ടേഷന്‍ വിദേശഫണ്ട് സ്വീകരിക്കുന്നതിനുമുമ്പ് കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം നല്‍കിയത് കഴിഞ്ഞയാഴ്ചയാണ്. യു.എ.പി.എ നിയമമനുസരിച്ച് ഫൗണ്ടേഷനെ നിരോധിക്കാനും നീക്കം സജീവമാണ്.

Related Articles