Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ പ്രശ്‌നം; ഇസ്‌ലാമിക ലോകത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് എര്‍ദോഗാന്‍

അങ്കാറ: മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള കൂട്ടകശാപ്പുകളോടുള്ള ഇസ്‌ലാമിക ലോകത്തിന്റെ നിലപാടുകളിലെ ദൗര്‍ബല്യത്തെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. യുവവനിതകളും നേതൃത്വവും എന്ന തലക്കെട്ടില്‍ അങ്കാറയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം കാണുന്ന അതേ വികാരത്തോടെയാണോ അറാകാനിലെ പ്രതിസന്ധിയെ ഇസ്‌ലാമിക ലോകത്തെ മറ്റുള്ളവരും കാണുന്നത്? ഒരിക്കലുമല്ല. ഐക്യരാഷ്ട്രസഭയുടെ കഴിഞ്ഞ പൊതുസഭക്കിടെ റോഹിങ്ക്യന്‍ പ്രശ്‌നം ഞാന്‍ മുന്നോട്ടു വെച്ചിരുന്നു. ഇസ്‌ലാമിക ലോകത്തു നിന്നുള്ള രണ്ടേ രണ്ട് പ്രസിഡന്റുമാര്‍ മാത്രമാണ് പ്രസ്തുത സെഷനില്‍ ഹാജരായത്. ഇറാന്‍ പ്രസിഡന്റും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്നു ആ രണ്ട് പേര്‍. അതിന് പുറമെ ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റും പാകിസ്താന്‍ പ്രധാനമന്ത്രിയുമാണ് അതില്‍ പങ്കെടുത്തത്. ഇത് അത്രത്തോളം നിസ്സാരമായ കാര്യമാണോ? തങ്ങളുടെ സഹോദരങ്ങളായ ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെടുമ്പോള്‍ അതൊരു വിഷയമേ ആവുന്നില്ലെന്നത് ദുഖകരമാണ്. എന്ന് എര്‍ദോഗാന്‍ പറഞ്ഞു.
ഒ.ഐ.സി (Organisation of Islamic Coopera-tion) സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും എര്‍ദോഗാന്‍ അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഒ.ഐ.സിക്കകത്ത് ഒരു സ്ത്രീകള്‍ക്കായി ഒരു വേദി ഉണ്ടാവുന്നില്ല? അതിലെ രാഷ്ട്ര നേതാക്കള്‍ക്ക് അക്കാര്യത്തില്‍ അഭിപ്രായയൈക്യം ഇല്ലാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരൊറ്റ ഇസ്‌ലാം മാത്രമേ ഉള്ളൂ, അല്ലാതെ മിത ഇസ്‌ലാം മിതമല്ലാത്ത ഇസ്‌ലാം എന്നിങ്ങനെയുള്ള വേര്‍തിരിവുകളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാശ്ചാത്യ രാഷ്ട്രങ്ങളിലെ ഹിജാബ് നിരോധനത്തെയും അദ്ദേഹം വിമര്‍ശിച്ചു. പൊതുജീവിതത്തില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ അകറ്റിനിര്‍ത്തുക എന്നതാണ് ഹിജാബ് നിരോധനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles