Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ തീവ്രവാദികളാക്കുന്നത് മുസ്‌ലിംകളായതിനാല്‍: യെച്ചൂരി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ വംശജര്‍ മുസ്‌ലിംകളായത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അവരെ തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ചേരിതിരിച്ചുള്ള വര്‍ഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം സംഘടിപ്പിച്ച സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ ഇടത് പാര്‍ട്ടികളുടെ സമ്മേളത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മ്യാന്മറില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ലോകത്ത് നിലനില്‍ക്കാനും മാന്യമായി  ജീവിക്കാനുമുള്ള അവസരമൊരുക്കാനുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുക്കണം. അഭയാര്‍ഥികള്‍ നേരിടുന്ന ദുരിതത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച കോണ്‍ഫറന്‍സ് പ്രശ്‌നപരിഹാരം വൈകുന്നത് ഛിദ്രശക്തികള്‍ക്ക് മുതലെടുപ്പിന് അവസരമൊരുക്കുമെന്നും ചൂണ്ടിക്കാട്ടി. അതിഗുരുതര മാനുഷിക പ്രശ്‌നമാണ് ഉണ്ടായിരിക്കുന്നത്. 4.5 ലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് വളരെ മോശപ്പെട്ട സാഹചര്യത്തില്‍ കഴിയുന്നത്. പരിമിതികള്‍ ഉണ്ടെങ്കിലും ബംഗ്ലാദേശ് ഇവര്‍ക്ക് ആകുന്ന സഹായം നല്‍കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും സമ്മേളനം വ്യക്തമാക്കി.
യു.എന്‍ ഏജന്‍സികളും റെഡ്‌ക്രോസും വിഷയത്തില്‍ ഫലപ്രദ ഇടപെടല്‍ നടത്തണം. അഭയാര്‍ഥികളോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ വൈകുന്നത് സാമ്രാജ്യത്വ ശക്തികള്‍ പിന്തുണക്കുന്ന തീവ്രവാദ ശക്തികള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കും. എല്ലാ വിധത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളോടും സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് എത്തിയവര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സെമിനാറിന്റെ വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ഏതെങ്കിലും തരത്തിലെ തീവ്രവാദശക്തികളുടെ പ്രവര്‍ത്തനം ഉണ്ടെങ്കില്‍ അത് അന്വേഷിച്ച് നടപടിയെടുക്കണം. അല്ലാതെ അത് സാമാന്യവല്‍കരിച്ച് അഭയാര്‍ഥികള്‍ക്ക് നീതി നിഷേധിക്കുകയല്ല വേണ്ടത്. വിഷയത്തില്‍ മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നആനും ബംഗ്ലാദേശ് പ്രസിഡന്റ് ശൈഖ് ഹസീനയും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടതായും എം.എ. ബേബി പറഞ്ഞു.

Related Articles