Current Date

Search
Close this search box.
Search
Close this search box.

രണ്ടു ദിവസങ്ങളില്‍ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ട് സൗദി

റിയാദ്: ആദ്യമായി സൗദി സുപ്രീം കോടതി പൗരന്‍മാരോട് രണ്ട് ദിവസങ്ങളില്‍ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച്ച (ശഅ്ബാന്‍ 29) വൈകിയിട്ടും, അന്ന് കണ്ടില്ലെങ്കില്‍ വെള്ളിയാഴ്ച്ച വൈകിയിട്ടും നിരീക്ഷിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ടോ ടെലസ്‌കോപ് ഉപയോഗിച്ചോ ആരെങ്കിലും മാസപ്പിറവി കണ്ടാല്‍ ഏറ്റവും അടുത്തുള്ള കോടതിയില്‍ അക്കാര്യം അറിയിക്കുകയും പ്രസ്തുത സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കോടതി അറിയിപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ശഅ്ബാന്‍ ആരംഭത്തെ ചൊല്ലി വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണിത്.
ഇതാദ്യമായിട്ടാണ് രണ്ടു ദിവസങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി ആവശ്യപ്പെടുന്നത്. കഴിഞ്ഞ റജബ് 29ന് (ഏപ്രില്‍ 26) വൈകിയിട്ട് മാസപ്പിറവി കണ്ടതായി ആരും സാക്ഷ്യപ്പെടുത്തിയിരുന്നില്ല. സാധാരണ നിലയില്‍ റജബ് 30 പൂര്‍ത്തീകരിച്ച് ഏപ്രില്‍ 28ന് ശഅ്ബാന്‍ ഒന്നായി കണക്കാക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് ഏപ്രില്‍ 27ന് തന്നെ ശഅ്ബാന്‍ മാസം ആരംഭിച്ചതായി സൗദി കണക്കാക്കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. അതിനാല്‍ റമദാന്‍ മാസത്തിന്റെ കാര്യത്തില്‍ വീഴ്ച്ച സംഭവിക്കാതിരിക്കാനാണ് രണ്ടു ദിവസങ്ങളിലും മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് സൂചിപ്പിച്ചു.
മുസ്‌ലിം ഭൂരിപക്ഷ നാടുകള്‍ സ്വന്തം നിലക്ക് മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ റമദാന്‍ ആരംഭിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തുമുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ മാസപ്പിറവിയുടെ കാര്യത്തില്‍ സൗദിയെയാണ് അവലംഭിക്കാറുള്ളത്.

Related Articles