Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ്; ഹരജി അഞ്ചംഗ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: മുത്വലാഖ് സംബന്ധിച്ച ഹരജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക്. വിഷയം പ്രധാനപ്പെട്ടതാണെന്നും തിടുക്കത്തില്‍ തീര്‍പ്പ് കല്‍പിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.  വ്യാഴാഴ്ച കേസ് പരിഗണനക്ക് വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നാലു ചോദ്യങ്ങള്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഭരണഘടനയുടെ 25 (1) വകുപ്പ് പ്രകാരമുള്ള മതസ്വാതന്ത്ര്യത്തില്‍ മുത്വലാഖ്, ബഹുഭാര്യത്വം എന്നിവക്ക് സംരക്ഷണമുണ്ടോ?, മൗലികാവകാശം സംബന്ധിച്ച ഭരണഘടന വകുപ്പ് 13ന്റെ പരിധിയില്‍ വ്യക്തിനിയമങ്ങളും ഉള്‍പ്പെടുമോ?, ഭരണഘടന വകുപ്പ് 25 (1)  പ്രകാരമുള്ള മതസ്വാതന്ത്ര്യം മൗലികാവകാശം സംബന്ധിച്ച വകുപ്പ് 13നും വ്യക്തി സ്വാതന്ത്ര്യം സംബന്ധിച്ച് വകുപ്പ് 24നും വിധേയമല്ലേ?, മുത്വലാഖ്, ബഹുഭാര്യത്വം എന്നിവ ഇന്ത്യ ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകളിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നുണ്ടോ? എന്നിവയായിരുന്ന പ്രസ്തുത ചോദ്യങ്ങള്‍.
ഭരണഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ചോദ്യങ്ങള്‍ വിപുലമായ  ബെഞ്ചിന്റെ പരിഗണന അര്‍ഹിക്കുന്നതാണെന്ന്  ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി. ചന്ദ്രചൂഡ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും പരിഗണിക്കാന്‍ മാര്‍ച്ച് 30ലേക്ക് മാറ്റി. ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാര്‍ ആരൊക്കെ,  ബെഞ്ച് പരിശോധിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ എന്തൊക്കെ എന്നീ കാര്യങ്ങള്‍ മാര്‍ച്ച് 30ന് തീരുമാനമാകും. മേയ് 11 മുതല്‍ വിശദമായി വാദം കേള്‍ക്കും. അതിനായി മുത്വലാഖ് കേസില്‍ കക്ഷി ചേര്‍ന്ന എല്ലാവരും തങ്ങളുടെ വാദങ്ങള്‍ മാര്‍ച്ച് 30ന് മുമ്പായി എഴുതി സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.    മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനവുമായി ബന്ധപ്പെട്ട് സുപ്രീകോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണനയില്‍. കേസില്‍ വനിത സംഘടനകളും മറ്റും പിന്നീട് കക്ഷിചേര്‍ന്നു. ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നേരത്തേ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Related Articles