Current Date

Search
Close this search box.
Search
Close this search box.

മുത്തലാഖ്; പരിഷ്‌കരണം നടത്തേണ്ടത് പണ്ഡിതന്‍മാരുടെ മേല്‍നോട്ടത്തില്‍

കോഴിക്കോട്: മുത്തലാഖ് ഭരണഘടന വകവെച്ചുതന്ന മുസ്‌ലിം പേഴ്‌സണല്‍ ലോയുടെ ഭാഗമാണ്. ഈ വിഷയത്തില്‍ സമുദായത്തിനകത്ത് വ്യത്യസ്ത വീക്ഷണങ്ങള്‍ നിലവിലുണ്ട്. ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ട് വെക്കുന്ന സാമൂഹ്യനീതി സങ്കലപത്തിനോട് പൊരുത്തപ്പെടുന്നതല്ല മുത്തലാഖ് എന്ന് കരുതുന്നവരും എന്നാല്‍ അത് വിശ്വാസത്തിന്റെയും ശരീഅത്തിന്റെയും ഭാഗമാണ് എന്ന് വിശ്വസിക്കുന്ന വിലയൊരു വിഭാഗവും മുസ്‌ലിം സമുദായത്തിലുണ്ട്. മുത്തലാഖ് സമ്പ്രദായത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന ധാരണ സമുദായത്തിനകത്ത് പൊതുവെ നിലനില്‍ക്കുന്നു. എന്നാല്‍ അത്തരം പരിഷ്‌കരണങ്ങള്‍ നടത്തേണ്ടത് മതപണ്ഡിതന്‍മാരുടെയും മുസ്‌ലിം സമുദായത്തിന്റെ പൊതുവേദിയായ ആള്‍ ഇന്ത്യ മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെ നേതൃത്വത്തിലുമാണ്. അത്തരം ശ്രമങ്ങള്‍ ക്രമപ്രവൃദ്ധമായാണ് നടപ്പിലാക്കേണ്ടത്. ഇതിനുള്ള സന്നദ്ധത കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ സുപ്രീം കോടതിയില്‍ അറിയിച്ചതുമാണ്.
മുത്തലാഖ് വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതും കോടതി ഇടപെടുന്നതും മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ പരിരക്ഷയ്ക്കു വിരുദ്ധവുമാണ്. നിയമനിര്‍മാണം നടത്തുമ്പോള്‍ പണ്ഡിതന്‍മാരുടെയും പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെയും അഭിപ്രായം പരിഗണിച്ചുകൊണ്ടായിരിക്കണം.

സുപ്രീം കോടതി വിധി നിരാശാജനകം: കാന്തപുരം
മുത്തലാഖില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരാശജനകമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയാറാകണം. ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ സര്‍ക്കാര്‍ മതപണ്ഡിതരുമായി കൂടിയാലോചന നടത്തണം. പാര്‍ലമന്റെില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് ആശങ്ക: കുഞ്ഞാലിക്കുട്ടി
മുത്തലാഖ് വിഷയത്തിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ആശങ്കക്ക് കാരണങ്ങളേറെയാണ്. വിഷയത്തില്‍ പാര്‍ലമന്റെ് നിയമനിര്‍മാണം നടത്തുമ്പോള്‍ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാതെ മുന്നോട്ടുപോകാനാണ് കേന്ദ്രം ശ്രമിക്കുന്നതെങ്കില്‍ മറ്റ് മുസ്‌ലിം സംഘടനകളുമായി യോജിച്ച് കടുത്ത നിലപാടിലേക്ക് നീങ്ങേണ്ടിവരും. സുപ്രീംകോടതിയില്‍ കേസ് നടത്തിയ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനൊപ്പമായിരുന്നു ലീഗ്. വിധി പഠിച്ച ശേഷം അവരുടെ നിലപാടുകള്‍ മനസ്സിലാക്കി കൂടെ നില്‍ക്കും. ധൃതിപിടിച്ച് നിയമനിര്‍മാണം നടത്തേണ്ട സാഹചര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോടതിവിധി നിരാശാജനകം: എസ്.വൈ.എസ്
ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം നാല് മദ്ഹബും അംഗീകരിച്ച വിവാഹ മോചനത്തിലെ ഒരു ഭാഗം നിരോധിക്കുക വഴി ബഹുമാനപ്പെട്ട സുപ്രീം കോടതി ഫലത്തില്‍ ശരീഅത്തില്‍ ഇടപെടുകയാണ് ചെയ്തതെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. വിവാഹവും വിവാഹമോചനവും സംബന്ധിച്ച് ഇസ്‌ലാമിക വ്യവഹാരങ്ങളെ ഏതാനും ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ആ പേര് പറഞ്ഞ് ശരീഅത്ത് വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിക്കുന്നത് ദുഃഖകരമാണ്.
പല ഘട്ടങ്ങളിലായി നടത്തിയാലും ഒന്നിച്ചായാലും വിവാഹമോചനം സാധുവാകുമെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് മൗലികാവകാശ ലംഘനവും ലിംഗഅസമത്വവുമാകുന്നത്. സിവില്‍നിയമത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് പറഞ്ഞ കോടതി തന്നെ ആറു മാസത്തിനുള്ളില്‍ മുത്വലാക്ക് സംബന്ധിച്ച പുതിയ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. 18 കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ മതപരിരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമവ്യവസ്ഥകള്‍ 1937ലെ ശരീഅത്ത് ആക്ടിന്റെ പരിധിയില്‍നിന്നുകൊണ്ട് നടത്താന്‍ പാര്‍ലിമെന്റ് മുന്നോട്ടുവരണം. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പോലെ മതനന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തില്‍ ജാഗ്രത കാണിക്കണം. മുസ്‌ലിം ഇന്ത്യയുടെ ആശങ്ക ദൂരീകരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് നേതാക്കള്‍ പറഞ്ഞു.

Related Articles