Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇസ്രയേല്‍ റദ്ദാക്കി

ഖുദ്‌സ്: മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള അല്‍അസ്ബാത്വ് ഗേറ്റില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ സ്ഥാപിച്ച ഇരുമ്പ് നടപ്പാതകള്‍ അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും നീക്കം ചെയ്തതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. അധിനിവേശകര്‍ സംവിധാനിച്ച എല്ലാ ക്രമീകരണങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം ഖുദ്‌സിലെ മുസ്‌ലിം നേതൃത്വം മസ്ജിദുല്‍ അഖ്‌സക്കുള്ളിലെ നമസ്‌കാരം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
മസ്ജിദുല്‍ അഖ്‌സ പരിസരത്തും കവാടങ്ങളിലും സ്വീകരിച്ച ക്രമീകരണങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്നോട്ടടിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും ഫലസ്തീനികളുടെ ഭാഗത്തു നിന്നുമുള്ള ശക്തമായ പ്രതികരണത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ അധിനിവേശ ഭരണകൂടം നിര്‍ബന്ധിതരാവുകയായിരുന്നു എന്നും ഖുദ്‌സിലെ അല്‍ജസീറ റിപോര്‍ട്ടര്‍ ഇല്‍യാസ് കറാം വ്യക്തമാക്കി. മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രയേലിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഔഖാഫും ഖുദ്‌സിലെ മതനേതൃത്വവും ചുമതലപ്പെടുത്തിയ സാങ്കേതികവിദഗ്ദരുടെ സംഘം റിപോര്‍ട്ട് നല്‍കിയ ശേഷം നേതൃത്വം അടിയന്തിര യോഗം ചേരുമെന്നും അദ്ദേഹം വിവരിച്ചു. മസ്ജിദില്‍ നമസ്‌കാരത്തിന് അനുകൂലമായ തീരുമാനം തന്നെയായിരിക്കും സ്വീകരിക്കപ്പെടുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അധിനിവേശകര്‍ക്കെതിരെയുള്ള വിജയം ആഘോഷിച്ചതിന് ശേഷമാണ് ആയിരക്കണക്കിന് ഫലസ്തീനികള്‍ അല്‍അസ്ബാത്വ് ഗേറ്റിന് സമീപത്ത് സുബ്ഹി നമസ്‌കാരം നിര്‍വഹിച്ചത്. ഇസ്രയേല്‍ സൈനികര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നീക്കിയപ്പോള്‍ തന്നെ വിജയം ആഘോഷിച്ചു കൊണ്ട് ഫലസ്തീനികള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഹോണ്‍ മുഴക്കി അല്‍അഖ്‌സയുടെ പരിസരത്തേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു.

Related Articles