Current Date

Search
Close this search box.
Search
Close this search box.

ബാങ്കുവിളിക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഓരോ ഫലസ്തീനിയും മുഅദിനാവും: ഗോര്‍മാസ്

അങ്കാറ: ഖുദ്‌സില്‍ ബാങ്ക് വിളിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഓരോ ഫലസ്തീനിയും മുഅദിന്‍ (ബാങ്കുവിളിക്കുന്നയാള്‍) ആയി മാറുമെന്ന് തുര്‍ക്കി മതകാര്യ വകുപ്പ് അധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസ്. അധിനിവിഷ്ട ഖുദ്‌സില്‍ ബാങ്കുവിളിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഇസ്രയേല്‍ ബില്ലിന്റെ പശ്ചാത്തലത്തിലാണിത്. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ വോട്ടെടുപ്പ് നടത്തുന്നതിനായി ഇസ്രയേല്‍ മന്ത്രിസഭയിലെ നിയമനിര്‍മാണ സമിതി ‘ബാങ്കുവിളി നിയന്ത്രണ’ ബില്ലിന് ഞായറാഴ്ച്ച അംഗീകാരം നല്‍കിയിരുന്നു. അങ്കാറയില്‍ ഫലസ്തീന്‍ അംബാസഡര്‍ ഫാഇദ് മുസ്തഫയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഗോര്‍മാസ് ഇക്കാര്യം പറഞ്ഞത്.
ബാങ്കുവിളി കേവലം ഒരു വിളിയല്ല, ഇസ്‌ലാമിന്റെ ചിഹ്നമാണ്. ഏതൊരു സ്ഥലത്തെയും ഇസ്‌ലാമിക സാന്നിദ്ധ്യത്തിന്റെ പ്രതീകമാണത്. അതിലുപരിയായി വിശ്വാസ സ്വാതന്ത്ര്യത്തിന്റെ സുപ്രധാന അടിസ്ഥാനവുമാണത്. നമ്മെ സംബന്ധിച്ചടത്തോളം ഖുദ്‌സില്‍ ബാങ്കുവിളി തടയുന്നത് മക്കയിലോ ഇസ്തംബൂളിലോ അത് തടയുന്നത് പോലെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം ഏറെ ദുഖകരമായ കാര്യമാണത്. എന്നും ഗോര്‍മാസ് വ്യക്തമാക്കി. ഇസ്രയേലിന്റെ ഈ നിയമം നടപ്പാക്കുന്നത് തടയാന്‍ സമാധാനപരമായ എല്ലാ വഴികളും തുര്‍ക്കി മതകാര്യ വകുപ്പ് തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരബുദ്ധിയുള്ള ആരും തന്നെ അത് അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകം കടന്നു പോകുന്ന നിലവിലെ സാഹചര്യത്തില്‍ ‘ഫാഷിസ്റ്റ്’ നിയമങ്ങള്‍ നടപ്പാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ഫലസ്തീന്‍ അംബാസഡര്‍ മുസ്തഫ പറഞ്ഞു. ഇത്തരം ശ്രമങ്ങളൊക്കെ ഉണ്ടെങ്കില്‍ തന്നെയും എല്ലാവരുടേയും സമാധാനത്തിനും ഖുദ്‌സ് തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാത്രി പതിനൊന്ന് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയില്‍ മതപരമായ കാര്യങ്ങള്‍ക്ക് ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുന്നത് വിലക്കേര്‍പ്പെടുത്തുന്നതാണ് ഇസ്രയേല്‍ ബില്‍. അത് പാലിക്കാത്ത മസ്ജിദുകള്‍ക്ക് 1200 ഡോളര്‍ വരെ പിഴചുമത്താനും അതില്‍ വ്യവസ്ഥയുണ്ട്. നെസറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.

Related Articles