Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് 53 മില്യണ്‍ ഡോളറിന്റെ സഹായവുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‌സ്: ഫലസ്തീന്‍ രാഷ്ട്രം കെട്ടിപടുക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ 53 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുന്നു. 42.5 മില്യണ്‍ യൂറോയുടെ ഫണ്ട് നല്‍കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിച്ചത്.

ഫലസ്തീന്‍- ഇസ്രായേല്‍ വിഷയത്തില്‍ സമാധാന നടപടികള്‍ അമേരിക്ക ഒറ്റക്ക് തീരുമാനിക്കരുതെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. അങ്ങനെയുള്ള തീരുമാനത്തിന്റെ അവസാന ഫലം പരാജയമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂട് തയാറാക്കേണ്ടത് ബഹുസ്വരമായിട്ടാണ്. എല്ലാവരെയും ഇതില്‍ പങ്കാളികളാക്കണം.

അത് ഈ പ്രക്രിയക്ക് അത്യന്താപേക്ഷിതമാണ്. അമേരിക്കക്ക് ഒറ്റക്കോ അമേരിക്കയെ ഒഴിവാക്കിയോ വിഷയത്തില്‍ ഇടപെടാനും സമാധാന നടപടികള്‍ക്കും സാധിക്കില്ല. മേഖലയെ സംബന്ധിച്ച് ഇപ്പോള്‍ പ്രയാസമുള്ള സമയമാണെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് ഫെഡ്രിക മൊഗേരിനി പറഞ്ഞു. ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാമായി ട്രംപ് പ്രഖ്യാപിച്ചതിനു ശേഷമുള്ള യൂണിയന്റെ ആദ്യ യോഗമാണിത്.

കിഴക്കന്‍ ജറൂസലേമിനെ ഫലസ്തീന്‍ ഭാവി രാഷ്ട്രമാക്കാന്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തിലാണ് ഇ.യു ഫലസ്തീന് സഹായം നല്‍കാന്‍ തീരുമാനിച്ചത്. അതിനുള്ള പിന്തുണ കൂടിയാണ് ഈ സഹായം. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി യു.എന്‍ സഹായ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എക്കുള്ള പിന്തുണ നല്‍കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. യു.എന്നിന്റെ ഏജന്‍സിക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയിരുന്നത് അമേരിക്ക ആയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ ഘഡു അമേരിക്ക നല്‍കിയില്ല. സഹായം വെട്ടിക്കുറച്ചതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

 

Related Articles