Current Date

Search
Close this search box.
Search
Close this search box.

ന്യൂയോര്‍ക്ക് പോലിസില്‍ മുസ്‌ലിംകള്‍ക്കും സിഖുകാര്‍ക്കും താടി വളര്‍ത്താന്‍ അനുമതി

ന്യൂയോര്‍ക്ക്: മതപരമായ ആവശ്യം മുന്‍നിര്‍ത്തി ഡിപ്പാര്‍ട്ട്‌മെന്റിലെ മുസ്‌ലിംകള്‍ക്കും സിഖുകാര്‍ക്കും 1.27 സെ.മീ നീളത്തില്‍ താടി വളര്‍ത്താന്‍ അനുമതി നല്‍കി കൊണ്ട് ന്യൂയോര്‍ക്ക് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരെ കൂടുതല്‍ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ന്യൂയോര്‍ക്ക് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ നയങ്ങളില്‍ അയവുവരുത്തിയിരിക്കുന്നത്. പുതിയ പോലിസ് റിക്രൂട്ടുകളുടെ ബിരുദദാന ചടങ്ങിലാണ് പോലിസ് കമ്മീഷണര്‍ ജെയിംസ് ഒനീല്‍ പുതിയ നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമമനുസരിച്ച് പോലിസിന്റെ സാമ്പ്രദായിക തൊപ്പിക്ക് പകരം സിഖുകാര്‍ക്ക് തങ്ങളുടെ തലപ്പാവ് ധരിക്കാനും അനുവാദമുണ്ടെന്ന് ഒനീല്‍ പറഞ്ഞു.
‘രാജ്യത്തെ മഹത്തായ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതിന് വേണ്ടി ന്യൂയോര്‍ക്ക് സിറ്റിയിലെ എല്ലാവര്‍ക്കും അപേക്ഷിക്കാനും, അതിനുള്ള അവസരം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഞങ്ങള്‍ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്,’ ഒനീല്‍ പറഞ്ഞു. പുതുതായി പോലിസ് ബിരുദം നേടിയ 557 റിക്രൂട്ടുകളില്‍ 33 പേര്‍ മുസ്‌ലിംകളും, രണ്ട് പേര്‍ സിഖുകാരുമാണെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തീരുമാനത്തെ സിഖ് സംഘടനകള്‍ സ്വാഗതം ചെയ്തു.
എന്‍.വൈ.പി.ഡി-യുടെ (ന്യൂയോര്‍ക്ക് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ്) പാട്രോള്‍ ഗൈഡ് അനുസരിച്ച് മുമ്പ് ഓഫീസര്‍മാര്‍ക്ക് താടി വെക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നിരുന്നാലും ഒരു മില്ലിമീറ്റര്‍ വരെ നീളത്തില്‍ പോലിസ് ഓഫീസര്‍മാര്‍ക്ക് താടിവെക്കാന്‍ അനുവദിക്കുന്ന ഒരു അലിഖിത നയം നിലവിലുണ്ടായിരുന്നു.
ചില ഗ്യാസ് മാസ്‌കുകള്‍ ധരിക്കുന്നതിന് താടി പ്രയാസമുണ്ടാക്കും എന്നായിരുന്നു വിലക്കിന് കാരണമായി പറഞ്ഞിരുന്നത്.
താടിയുടെ നീളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഒരു മുസ്‌ലിം ഓഫീസര്‍ നല്‍കിയ കേസാണ് ഇപ്പോഴത്തെ നയം മാറ്റത്തിന് പ്രധാന കാരണം. എന്‍.വൈ.പി.ഡി-യിലെ ലീഗല്‍ ക്ലര്‍ക്കായിരുന്ന മസൂദ് സയിദ് തന്റെ മതവിശ്വാസത്തിന്റെ ഭാഗമായി വര്‍ഷങ്ങളോളം താടി വളര്‍ത്തിയിരുന്നു. പക്ഷെ പിന്നീട് മേലുദ്യോഗസ്ഥന്‍മാര്‍ അത് വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥന്‍മാരുടെ ഉത്തരവ് പാലിക്കാന്‍ തയ്യാറാകാതിരുന്ന മസൂദിനെ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്.
പിന്നീട് ജൂണില്‍ എന്‍.വൈ.പി.ഡി മസൂദിനെ തിരിച്ചെടുക്കുകയും, താടിക്ക് മേലുള്ള വിലക്ക് പുനഃപരിശോധിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. 2013-ല്‍, ഇതേ നയത്തിന്റെ പേരില്‍ ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ നല്‍കിയ കേസില്‍ ഒരു ഹസിഡിക് ജ്യൂയിഷ് പ്രൊബേഷനറി ഓഫീസര്‍ വിജയം കണ്ടിരുന്നു.

Related Articles