Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ വിദ്യാര്‍ഥിനികളുടെ ഉപരിപഠനത്തിന് മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ്

ന്യൂഡല്‍ഹി: സാമ്പത്തിക പ്രയാസങ്ങള്‍ നിമിത്തം ഉപരിപഠനം വഴിമുട്ടിയ ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് മൗലാനാ ആസാദ് നാഷനല്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പത്താം ക്ലാസില്‍ 55 ശതമാനം മാര്‍ക്ക് നേടിയ പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത. അതത് സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജെയിന്‍, ബുദ്ധ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയുള്ളൂ.
സ്‌കൂളുകളില്‍/കോളജുകളിലെ പ്രവേശ ഫീസ്, പുസ്തകങ്ങള്‍ വാങ്ങുന്നതിന്, ഹോസ്റ്റല്‍ ഫീസ്, ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്നിവക്കാണ് ധനസഹായം. അപേക്ഷാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍താഴെ ആയിരിക്കണം. പിതാവിന് മാസ ശമ്പളമാണെങ്കില്‍ പേ സ്‌കെയില്‍, അടിസ്ഥാന ശമ്പളം, മറ്റ് അലവന്‍സുകളുടെ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. റിട്ടയര്‍ ചെയ്തവരാണെങ്കില്‍ പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. കൃഷി സംബന്ധമായ ജോലിയാണെങ്കില്‍ കൈവശമുള്ള ഭൂമിയുടെ വിശദാംശങ്ങളും അതില്‍നിന്ന് ലഭിക്കുന്ന വാര്‍ഷിക അറ്റാദായങ്ങളുടെ വിവരങ്ങളും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കണം. മാതാവിന് ജോലിയുണ്ടെങ്കില്‍ അക്കാര്യവും രേഖാമൂലം സൂചിപ്പിക്കണം. സമര്‍പ്പിച്ച രേഖകളില്‍ എന്തെങ്കിലും തെറ്റായി രേഖപ്പെടുത്തിയാല്‍ അപേക്ഷ നിരസിക്കാനും സ്‌കോളര്‍ഷിപ്പ് നല്‍കിയശേഷമാണെങ്കില്‍ അത് പിന്‍വലിച്ച് തുക തിരിച്ചടപ്പിക്കാനും നിയമപരമായി മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന് അധികാരമുണ്ടായിരിക്കും.
അപേക്ഷാര്‍ഥികള്‍ പ്ലസ് വണിനോ ഉന്നത പഠനത്തിനോ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോ യൂനിവേഴ്‌സിറ്റി അംഗീകൃത സ്ഥാപനത്തിലോ പ്രവേശം ഉറപ്പുവരുത്തിയവരായിരിക്കണം. ഒറ്റത്തവണ സ്‌കോളര്‍ഷിപ്പായിരിക്കും നല്‍കുക. തുടര്‍ച്ചയായി സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയില്ല. ഒരിക്കല്‍ സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് നേടുന്ന വിദ്യാര്‍ഥികളും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ www.maef.nic.in എന്ന വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ഓണ്‍ലൈന്‍ വഴി സബ്മിറ്റ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +911123583788/23583789.

Related Articles