Current Date

Search
Close this search box.
Search
Close this search box.

ദളിത് മുന്നേറ്റം ജനാധിപത്യ ഇന്ത്യയുടെ അതിജീവന സമരം: ചര്‍ച്ചാ സംഗമം

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ദലിത് മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് ‘ദളിത് മുന്നേറ്റം ജനാധിപത്യ ഇന്ത്യയുടെ അതിജീവന സമരമാണ്’ എന്ന ശീര്‍ഷകത്തില്‍ യൂത്ത്‌ഫോറം സംഘടിപ്പിച്ച ചര്‍ച്ച സംഗമം അഭിപ്രായപ്പെട്ടു. ജാതീയതയുടെ ക്രൂരമായ ചൂഷണവും അടിച്ചമര്‍ത്തലും നേരിട്ടു പോരുന്ന ദലിതുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യാനന്തരം ഉയര്‍ന്ന് വരുന്ന ഏറ്റവും ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമാസക്തമായ ദേശീയതയുടെയും ജാതി വ്യവസ്ഥയുടെയും കാലങ്ങളായ അക്രമത്തിന് ഇരയായി കൊണ്ടിരിക്കുന്ന ദളിത് ബഹുജന്‍ പിന്നാക്ക സമൂഹങ്ങളുടെ സ്വാഭാവികമായ സഖ്യത്തിന് ഈ മുന്നേറ്റം കരുത്തുപകരുമെന്ന് സംഗമം പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിലെ സവര്‍ണ്ണ നിര്‍മ്മിതമായ സാമൂഹിക ഘടനക്ക് വെളിയിലാണ് ന്യൂനപക്ഷങ്ങളുടെയും ദളിത് ബഹുജന്‍ സമൂഹങ്ങളുടെ സ്ഥാനമെന്നതിനാലാണ് അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതും ശബ്ദങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ സൗഹാര്‍ദ്ദത്തിനപ്പുറം വ്യത്യസ്ത ജന വിഭാഗങ്ങള്‍ തമ്മിലുള്ള സാമൂഹ്യ സൗഹാര്‍ദ്ദം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ മനുഷ്യ വിരുദ്ധം ആയ ഈ സാമൂഹ്യ ഘടനയെ പൊളിച്ചെഴുതാന്‍ കഴിയൂ എന്ന് സമാപന പ്രഭാഷണം നിര്‍വഹിച്ച യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് പറഞ്ഞു. അസഹിഷ്ണുതക്കെതിരെ സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ സാമൂഹ്യ ബന്ധങ്ങള്‍ക്ക് വേണ്ടി പ്രവാസി യുവാക്കള്‍ ഒരുമിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യഹ്‌യ സാദിഖ് വിഷയം അവതരിപ്പിച്ചു. അനീസ് റഹ്മാന്‍ മാള, ഫായിസ് ടി, മന്‍സൂര്‍ അടിമാലി, ടി. സി. സിയാദലി, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത്‌ഫോറം സാംസ്‌കാരിക വകുപ്പ് സെക്രട്ടറി അനൂപ് അലി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ലുഖ്മാന്‍ കെ.പി. സ്വാഗതം പറഞ്ഞു. അണ്‍ ടച്ചബിലിറ്റി എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഇസ്മായില്‍ കോങ്ങാട്, കരീം കക്കോവ് എന്നിവരുടെ നേത്രുത്വത്തില്‍ ഐക്യദാര്‍ഢ്യ ഗാനങ്ങളും നടന്നു.

Related Articles