Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ മുനിസിപ്പല്‍ ഇലക്ഷന്‍ നീട്ടിവെച്ചു

തൂനിസ്: വിപ്ലവത്തിന് ശേഷമുള്ള തുനീഷ്യയിലെ ആദ്യ മുനിസിപ്പല്‍ ഇലക്ഷന്‍ നീട്ടിയതായി ഔദ്യോഗിക റിപോര്‍ട്ട്. ഈ വര്‍ഷം അവസാനം നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഇലക്ഷന്‍ അതോറിറ്റിയിലെ ഒഴിവുകള്‍ നികത്താത്തതടക്കമുള്ള കാരണങ്ങളാലാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ പ്രതിനിധികളെയും മറ്റു പാര്‍ട്ടികളുടെ പ്രതിനിധികളേയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നതതല തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ബിന്‍ ഹസനാണ് ഇക്കാര്യം പറഞ്ഞത്.
മാര്‍ച്ച് 25ന് മുനിസിപ്പല്‍ ഇലക്ഷന്‍ നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ അവിടെ സമ്മേളിച്ചവര്‍ തിയ്യതിയുടെ കാര്യത്തില്‍ യോജിപ്പിലെത്തിയില്ല. 2010ലെ വിപ്ലവത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 17ന് നടത്താന്‍ നിശ്ചയിച്ച ഇലക്ഷന്‍ മാറ്റിവെക്കരുതെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത അധിക പേരുടെയും ആവശ്യം. ഇലക്ഷന്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ദോഷം ചെയ്യുമെന്നാണ് അവര്‍ പറയുന്നത്.
മെയ് മാസത്തില്‍ സ്വതന്ത്ര ഇലക്ഷന്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ശഫീഖ് സ്വര്‍സ്വാറും രണ്ട് അംഗങ്ങളും രാജിവെച്ചതിന് ശേഷം പകരം അംഗങ്ങളെ ഉള്‍പെടുത്താന്‍ തുനീഷ്യന്‍ പാര്‍ലമെന്റിന് സാധിച്ചിരുന്നില്ല. മുനിസിപ്പല്‍ ഇലക്ഷന് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനുള്ള കാലാവധിയും തിങ്കളാഴ്ച അവസാനിച്ചു. ഇലക്ഷന്‍ അതോറിറ്റിയില്‍ ഒഴിവുള്ള സ്ഥാനത്തേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പാര്‍ലമെന്റ് ജനറല്‍ മീറ്റിംഗ് ബുധനാഴ്ച നടക്കുമെന്നും റിപോര്‍ട്ടുണ്ട്.
ഇലക്ഷന്‍ നടത്താന്‍ പുതുതായി നിര്‍ദേഷിക്കപ്പെട്ട തിയ്യതിയെ അനുകൂലിക്കുന്നതായി അന്നഹ്ദ വക്താവ് റാശിദ് അല്‍ഗനൂശി പറഞ്ഞു. തെരഞ്ഞെടുപ്പ് അതിന്റെ സമയത്തുതന്നെ നടത്തുന്നതില്‍ സംഘടനയുടെ പിന്തുണയും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റ് അംഗത്വമുള്ള ചില തുനീഷ്യന്‍ പാര്‍ട്ടികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് ബാജി ഖാഇദ് അസ്സിബ്‌സിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മറ്റിയിലെ അംഗങ്ങളുടെ കുറവും പ്രാദേശിക സംഘടനാ നിയമങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തതുമാണ് ഇലക്ഷന്‍ മാറ്റിവെക്കാന്‍ അവരുന്നയിച്ച കാരണങ്ങള്‍.

Related Articles