Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ അന്നഹ്ദ പാര്‍ട്ടി വോട്ടുകള്‍ വാരിക്കൂട്ടുമെന്ന് റിപ്പോര്‍ട്ട്

തൂനിസ്: കഴിഞ്ഞ ദിവസം പൂര്‍ത്തിയായ തുനീഷ്യയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അന്നഹ്ദ പാര്‍ട്ടി കൂടുതല്‍ വോട്ടുകള്‍ വാരിക്കൂട്ടുമെന്ന് റിപ്പോര്‍ട്ട്. അറബ് വസന്തത്തിന്റെ ഭാഗമായി രാജ്യത്തെ ഏകാധിപതിയായിരുന്ന ഭരണാധികാരി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയതിനു ശേഷം തുനീഷ്യയില്‍ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പായിരുന്നു ഞായറാഴ്ച നടന്നിരുന്നത്.

അന്നഹ്ദ പാര്‍ട്ടി 27.5 ശതമാനം വോട്ടു നേടുമെന്നാണ് പ്രവചനം. തൊട്ടുപിന്നിലായി നിദാ തൂനിസ് പാര്‍ട്ടി 22.5 ശതമാനം വോട്ടും നേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
57000ത്തിലധികം സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്. ഇതില്‍ പകുതിയും സ്ത്രീകളും യുവാക്കളുമായിരുന്നു. തുനീഷ്യയിലെ 350 മുനിസിപ്പാലിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 21 ശതമാനം ആളുകളാണ് വോട്ടിങ്ങില്‍ പങ്കാളികളായത്.

മേയ് ഒന്‍പതിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. നേരത്തെ സൈനിക,ഭരണകൂടത്തിന്റെ രാഷ്ട്രീയമായ അനിശ്ചിതത്വങ്ങള്‍ മൂലം നാലു തവണ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. അറബ് വസന്തം പിറന്ന മണ്ണിലേക്ക് ജനാധിപത്യം കൊണ്ടുവരാന്‍ ഇതിലൂടെ കഴിയുമെന്നാണ് തുനീഷ്യന്‍ ജനത കണക്കുകൂട്ടുന്നത്. ഇതിനു പിന്നാലെ 2019ല്‍ രാജ്യത്ത് നിയമസഭ,പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പും നടക്കാനുണ്ട്.

 

Related Articles