Current Date

Search
Close this search box.
Search
Close this search box.

ട്രംപ് പ്രസിഡന്റാവുന്നത് ലോകത്തിന് തന്നെ ഭീഷണി: ജര്‍മന്‍ വിദേശകാര്യ മന്ത്രി

ബര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് തെരെഞ്ഞെടുക്കപ്പെടുന്നത് ലോകത്തിന് തന്നെ ഭീഷണിയാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാന്‍ങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയ്‌റിന്റെ മുന്നറിയിപ്പ്. ട്രംപ് തെരെഞ്ഞെടുക്കപ്പെടുന്നത് ലോകത്തിന് ഭീതിയുണ്ടാക്കുന്ന കാര്യമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത് ഒരാള്‍ക്ക് ഭീതിയോടെ കാണാന്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ തന്നെ മതിയായതാണെന്നാണ് സ്റ്റെയിന്‍മെയ്‌റിന്റെ അഭിപ്രായമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സൗസന്‍ ഷെബ്ലി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജര്‍മന്‍ മന്ത്രി നേരത്തെ ട്രംപിനെ ‘വിദ്വേഷത്തിന്റെ പ്രചാരകന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവരുടെ വക്താവ് ഉല്‍റിക് ഡെമ്മര്‍ വ്യക്തമാക്കി. അവര്‍ പ്രസ്തുത വിഷയത്തില്‍ ഇടപെടുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യില്ലെന്നും അവര്‍ പറഞ്ഞു.
ട്രംപിന്റെ പല പ്രസ്താവനകളും നിലപാടുകളും കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അതില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം വിമര്‍ശനം ഉണ്ടായിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. അദ്ദേഹം പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും അപകടകാരിയായ പ്രസിഡന്റായിരിക്കുമെന്ന് ദേശീയ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള അമ്പതോളം റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles