Current Date

Search
Close this search box.
Search
Close this search box.

ജറൂസലം: രണ്ടു ഫലസ്തീന്‍ പ്രക്ഷോഭകരെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു

റാമല്ല: ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയ രണ്ടു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തി. ഇതുവരെയായി പ്രക്ഷോഭകരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 351 പേര്‍ക്ക് പരുക്കേല്‍ക്കുകയും 748 പേര്‍ക്ക് ടിയര്‍ ഗ്യാസില്‍ നിന്നും വിഷവാതകമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകളാണിത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. സമാധാനപരമായി സമരം നടത്തുന്ന ഫല്‌സ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം അക്രമമഴിച്ചുവിടുകയാണ്. പലപ്പോഴും സമരക്കാരെ പിരിച്ചുവിടാനായി സൈന്യം റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കുകയും വീര്യം കൂടിയ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്.

‘രോഷത്തിന്റെ ദിനം’ എന്ന പേരിലായിരുന്നു ഫലസ്തീന്‍ അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചത്. ഫല്സ്തീനികളെ നേരിടാന്‍ നൂറുകണക്കിന് സൈനികരെയാണ് ഇസ്രായേല്‍ ജറൂസലേമിലേക്ക് അയച്ചത്.

അതേസമയം, ട്രംപിന്റെ തീരുമാനത്തിനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ട്രംപിനെതിരേ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ഫലസ്തീനെ പിന്തുണച്ച പ്ലക്കാഡുകളുയര്‍ത്തിയും ഫല്‌സ്തീന്റെ പതാകയേന്തിയുമാണ് നൂറുകണക്കിന് പേര്‍ പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കിലെ ഓര്‍ത്തഡോക്‌സ് ജൂതന്മാരും ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് റാലി നടത്തി.

ഇക്കാര്യം ചര്‍ച്ച ചെയ്യാനായി യു.എന്‍ സുരക്ഷ കൗണ്‍സില്‍ കഴിഞ്ഞ ദിവസം അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മുസ്‌ലിം വുമണ്‍സ് കൗണ്‍സിലും ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തി. സംഘടനയുടെ അധ്യക്ഷ എസ്ര അല്‍ബായ്‌റക് ആണ് പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് യു.എസിന്റെ കീഴ്‌വഴക്കങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പും ലംഘിച്ച് ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചത്.

 

 

Related Articles