Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ് ലാമി റബീഉല്‍ അവ്വല്‍ കാമ്പയിന് തുടക്കം

പാലക്കാട്: റബീഉല്‍ അവ്വല്‍ മാസത്തോടനുബന്ധിച്ച് ‘മുഹമ്മദു റസൂലുല്ലാഹ്(സ്വ) നമുക്ക് വഴികാണിക്കുന്നു’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ് ലാമി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ് വി അറിയിച്ചു. ആഗോളതലത്തില്‍ സാമ്രാജ്യത്വവും ദേശീയ തലത്തില്‍ ഫാസിസവും ഇസ് ലാമോഫോബിയ ബോധപൂര്‍വം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രവാചകന്‍ വ്യാപകമായി തെറ്റിധരിപ്പിക്കപ്പെടുകയാണ്. ഈ പശ്ചാത്തലത്തില്‍ ലോകത്തിന് മുഴുവന്‍ കാരുണ്യമായി നിയോഗിക്കപ്പെട്ട വിശ്വവിമോചകന്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ചെയ്യുന്നത്. സമകാലീന സാഹചര്യത്തില്‍ അക്രമവും അനീതിയും കൊടികുത്തി വാഴുമ്പോള്‍ പ്രവാചകന്‍ പകര്‍ന്നു നല്‍കിയ സമാധാനത്തിന്റെ മാതൃക പ്രസക്തമാവുകയാണ്. ഒരു വശത്ത് തീവ്രവാദവും മറുവശത്ത് ജീര്‍ണതയും വളര്‍ന്ന് ഇസ് ലാമിനെ തെറ്റിധരിപ്പിക്കുന്ന പ്രവൃത്തികള്‍ വിശ്വാസി സമൂഹത്തിന്റെ ഭാഗത്തു നിന്നുതന്നെയുണ്ടാകുന്ന സാഹചര്യത്തില്‍ പ്രവാചകന്‍ പഠിപ്പിച്ചതെന്താണെന്ന് ഓര്‍മപ്പെടുത്തേണ്ടതിന്റെ  പ്രസക്തി വര്‍ധിക്കുകയാണ്.   സകല മേഖലകളിലേക്കും വഴി കാണിക്കുന്ന സമഗ്രവും സന്തുലിതവുമായ ജീവിത ശൈലിയാണ്  പ്രവാചകന്‍ മുറുകെപ്പിടിച്ചത്. പ്രവാചകന്റെ ജനനവും വിയോഗവും സംഭവിച്ച റബീഉല്‍ അവ്വല്‍ മാസത്തില്‍ വിശ്വാസി സമൂഹം അദ്ദേഹത്തിന്റെ അനുസ്മരണമെന്ന നിലക്ക് പല പരിപാടികളും സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ യതാര്‍ത്ഥ പ്രവാചക ജീവിതമെന്താണെന്ന് വിശദീകരിക്കാന്‍ ഈയവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നതു കൊണ്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും അബ്ദുല്‍ ഹകീം നദ് വി പറഞ്ഞു.
              ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ഈ രംഗത്ത് പ്രവാചകന്‍ നല്‍കിയ സംഭാവനകള്‍ വിശദീകരിച്ചുകൊണ്ടുള്ള  ചര്‍ച്ച സംഗമം പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ അബ്ദുല്‍ സമദ് സമദാനി, എം.ഐ അബ്ദുല്‍ അസീസ്, ടി.എന്‍ പ്രദാപന്‍, പി.പി ഉണ്ണീന്‍കുട്ടി മൗലവി, ടി.മുഹമ്മദ് വേളം, അബ്ദുല്‍ ഹകീം നദ് വി എന്നിവര്‍ സംസാരിക്കും.    ഡിസം.16ന്  ചെര്‍പ്പുളശേരിയില്‍ ചരിത്ര സദസും ഡിസം. 17 ന് കൊഴിഞ്ഞാമ്പാറയില്‍ തമിഴ് സമ്മേളനവും നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ടേബിള്‍ ടോക്ക്, പൊതുയോഗം എന്നിവയും പ്രാദേശിക തലങ്ങളില്‍ ഗൃഹസന്ദര്‍ശനവും നടക്കും.

 

Related Articles