Current Date

Search
Close this search box.
Search
Close this search box.

ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് വിയോജിപ്പുകള്‍ പരിഹരിക്കണം: ബാര്‍സാനി

ഇര്‍ബില്‍: വിയോജിപ്പുകള്‍ അവസാനിപ്പിക്കാന്‍ ഗൗരവത്തിലുള്ള ചര്‍ച്ചക്ക് തയ്യാറാവാന്‍ ബാഗ്ദാദ് ഭരണകൂടത്തോട് കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനി ആവശ്യപ്പെട്ടു. പ്രവിശ്യാ മേധാവിയെന്ന തന്റെ സ്ഥാനം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നടത്തിയ ടെലിവിഷന്‍ അഭിസംബോധനയിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.
മുമ്പും ഇപ്പോഴും പ്രദേശത്തെ സംബന്ധിച്ചടത്തോളം ഏറ്റവും നല്ല മാര്‍ഗം ചര്‍ച്ച തന്നെയാണ്. അതുകൊണ്ടു തന്നെ വിയോജിപ്പുകള്‍ അവസാനിപ്പിക്കാന്‍ ബാഗ്ദാദ് ഭരണകൂടവുമായി ചര്‍ച്ച നടത്താനുള്ള നിര്‍ദേശം ഞാന്‍ നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത അബ്രാം ടാങ്കുകളടക്കമുള്ള ശക്തമായ ആയുധങ്ങളുപയോഗിച്ച് പ്രദേശത്തെ ആക്രമിക്കാന്‍ ഹിതപരിശോധനയില്‍ നിന്ന് ന്യായം കണ്ടെത്താനാണ് ഇറാഖ് ഭരണകൂടം ശ്രമിക്കുന്നത്. പ്രദേശത്തിന്റെ പ്രസിഡന്റായി തുടരാന്‍ പ്രസിഡന്‍ഷ്യല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് ഞാന്‍ അംഗീകരിക്കില്ലെന്ന് പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. സാഹചര്യം എന്തുതന്നെയാണെങ്കിലും പ്രസിഡന്റ് കാലാവധി നീട്ടാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നും ബാര്‍സാനി വ്യക്തമാക്കി.
നവംബര്‍ ഒന്നിന് തന്റെ പ്രസിഡന്റ് കാലാവധി അവസാനിച്ചതിന് ശേഷം ആ സ്ഥാനത്ത് താന്‍ തുടരില്ലെന്ന് ബാര്‍സാനി കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 2005ലാണ് അദ്ദേഹം പ്രദേശത്തിന്റെ പ്രസിഡന്റായി പാര്‍ലമെന്റില്‍ നിന്നും ആദ്യമായി തെരെഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2009ല്‍ നടന്ന വോട്ടെടുപ്പില്‍ 69 ശതമാനം വോട്ടുകള്‍ നേടി രണ്ടാം തവണയും അതേ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. പിന്നീട് പ്രദേശത്തിന്റെ ഭരണഘടനയെ ചൊല്ലിയുള്ള വിയോജിപ്പുകളെ തുടര്‍ന്ന് 2013ല്‍ അദ്ദേഹത്തിന്റെ കാലാവധി രണ്ട് തവണ നീട്ടുകയും ചെയ്തു.

Related Articles