Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ഭരണ സമിതി പിരിച്ചുവിടാനുള്ള തീരുമാനം സ്വാഗതാര്‍ഹം: ഐക്യരാഷ്ട്രസഭ

ഗസ്സ: ഗസ്സയിലെ ഭരണ സമിതി പിരിച്ചുവിടാനുള്ള ഹമാസിന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും ഫലസ്തീന്‍ നേതൃത്വവും സ്വാഗതം ചെയ്തു. വിഭജനം അവസാനിപ്പിക്കാനുള്ള ദേശീയതല ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ആഹ്വാനങ്ങളുണ്ടായി. ഐക്യരാഷ്ട്രസഭയുടെ മിഡിലിസ്റ്റ് പ്രതിനിധി നികോള മ്ലാഡിനോവ് ഹമാസിന്റെ ഈ തീരുമാനത്തില്‍ അഭിനന്ദനമറിയിച്ചു. ഫലസ്തീന്‍ ഐക്യത്തെ പുനഃസ്ഥാപിക്കാനും ഫലസ്തീന്‍ ജനതക്കായി ഒരു പുതിയ ഏട് തുറക്കാനുമുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായ ഈ പ്രവര്‍ത്തനത്തിന്റെ ആക്കം കൂട്ടാന്‍ ഈജിപ്തിനുള്ള പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദ്യുതി പ്രതിസന്ധിയടക്കം ഗസ്സ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാനുഷിക പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് മുഖ്യ പ്രാധാന്യം കൊടുക്കുന്ന ഈ ശ്രമത്തിലുള്ള ഐക്യരാഷ്ട്രസഭയുടെ പിന്തുണയും അദ്ദേഹം അറിയിച്ചു.
ഗസ്സയിലെ ഭരണ സമിതി പിരിച്ചുവിട്ടുകൊണ്ടുള്ള ഹമാസിന്റെ പ്രഖ്യാപനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും സംതൃപ്തി രേഖപ്പെടുത്തി. ഫലസ്തീന്‍ഐക്യ സര്‍ക്കാറിന് ഗസ്സയില്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ന്യൂയോര്‍ക്കില്‍നിന്ന് മടങ്ങിയതിന് ശേഷം മഹ്മൂദ് അബ്ബാസ് ഫലസ്തീന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഫലസ്തീന്‍ ഔധ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ 72ാം ജനറല്‍ അസംബ്ലിക്കായി ഞായറാഴ്ച ന്യൂയോര്‍ക്കില്‍ എത്തിയതയാരുന്നു അദ്ദേഹം.

Related Articles