Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തല്‍ ഏറ്റവും പ്രധാനം: എര്‍ദോഗാന്‍

അങ്കാറ: വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തല്‍ എല്ലായ്‌പ്പോഴും നാം പ്രാധാന്യം കൊടുക്കേണ്ട കാര്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ഖുര്‍ആന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സുകള്‍ക്കും ആത്മാവിനുമുള്ള ചികിത്സയില്‍ ഖുര്‍ആനിനുള്ള പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
തുടര്‍ച്ചയായി അഞ്ചാം തവണയാണിത് തുര്‍ക്കിയില്‍ ഖുര്‍ആന്‍ മത്സരം സംഘടിപ്പിക്കപ്പെടുന്നത്. ഖുര്‍ആന്‍ മനപാഠം, അറബി കൈയ്യെഴുത്ത്, ഖുര്‍ആന്‍ പാരായണം എന്നീ മൂന്നിനങ്ങളിലായി 62 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ വിജയിച്ച് അതിഥികളായെത്തിയവരെ തുടക്കത്തില്‍ തന്നെ സ്വാഗതം ചെയ്ത എര്‍ദോഗാന്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള തന്റെ സന്തോഷവും സദസ്സുമായി പങ്കുവെച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായ രീതിയില്‍ ഈ മത്സരം തുടരുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ മനോഹരമായി പാരായണം ചെയ്യാനും അതിന്റെ ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ആശയത്തെ കുറിച്ച് ചിന്തിക്കാനും ലോകരക്ഷിതാവ് നമ്മോട് കല്‍പിച്ചിട്ടുണ്ട്. ‘നിങ്ങളുടെ ശബ്ദം കൊണ്ട് ഖുര്‍ആനെ മനോഹരമാക്കുക, നല്ല ശബ്ദം ഖുര്‍ആന്റെ മനോഹാരിത വര്‍ധിപ്പിക്കും’ എന്ന് മുഹമ്മദ് നബി(സ) പറഞ്ഞതായി ഹദീസുകളില്‍ കാണാം. ഇത്തരം മത്സരങ്ങള്‍ ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം സ്വന്തത്തെ വിലയിരുത്താനും ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള അവസരങ്ങളാണ്. എന്ന് ഖുര്‍ആന്‍ പാരായണത്തിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് എര്‍ദോഗാന്‍ പറഞ്ഞു. ‘അല്ലാഹുവേ, ഖുര്‍ആനിനൊപ്പമുള്ള ജീവിതം നല്‍കേണമേ, അതിന്റെ പ്രകാശം ഞങ്ങള്‍ക്ക് മേല്‍ ചൊരിയേണമേ, ഞങ്ങളുടെ അവസാന നിശ്വാസം അതിന്റെ പാരായണമാക്കേണമേ’ എന്ന പ്രാര്‍ഥനയോടെയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Related Articles