Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിലെ ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുന്നത് ഇസ്രയേല്‍ തുടരുന്നു

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട ഖുദ്‌സിലെ തൂര്‍ സ്ട്രീറ്റില്‍ ഒരു ഫലസ്തീന്‍ വീട് കൂടി ഖുദ്‌സിലെ ഇസ്രയേല്‍ നഗരസഭ തകര്‍ത്തു. ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ച വീട് തകര്‍ക്കല്‍ പ്രവര്‍ത്തനങ്ങളിലൂടെ തകര്‍ക്കപ്പെടുന്ന വീടുകളുടെ എണ്ണം ഇതോടെ മൂന്നായി. വീട് തകര്‍ക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം അഭിഭാഷകന്‍ അറിയിച്ചിരുന്നുവെന്ന് വീട്ടുടമ മഹ്മൂദ് ഹദ്‌റ പറഞ്ഞു. അടുത്ത ദിവസം രാവിലെ തന്നെ നഗരസഭയെ സമീപിച്ച് തകര്‍ക്കാനുള്ള തീരുമാനത്തില്‍ പുനരാലോചന നടത്തണമെന്ന് അപേക്ഷിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ മടങ്ങിയെത്തുമ്പോള്‍ ബുള്‍ഡോസറുകള്‍ വീടു തകര്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വീട് നിര്‍മാണത്തിന് ലൈസന്‍സ് കിട്ടുന്നതിന് നിരന്തരം ഞാന്‍ ശ്രമിച്ചിരുന്നു. നഗരസഭ വീടുകള്‍ക്ക് നിശ്ചയിച്ച എല്ലാ നിബന്ധനകളും ഞാന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും എനിക്ക് നിര്‍മാണത്തിനുള്ള ലൈസന്‍സ് ലഭിച്ചിരുന്നില്ല. എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ചൊവ്വാഴ്ച്ച രാവിലെ വാദി ജൗസില്‍ രണ്ട് നിലകളുള്ള ഒരു വീടും ഈസാവിയില്‍ രണ്ട് നിലകളിലായി നാല് കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ഇസ്രയേല്‍ തകര്‍ത്തിരുന്നു. ലൈസന്‍സില്ലാതെ നടത്തിയ നിര്‍മാണമാണെന്നാരോപിച്ചായിരുന്നു അവ തകര്‍ത്തത്. ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ കിഴക്കന്‍ ഖുദ്‌സില്‍ ഇസ്രയേല്‍ വീടുകള്‍ തകര്‍ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കിഴക്കന്‍ ഖുദ്‌സില്‍ ഇസ്രയേല്‍ 153 വീടുകള്‍ തകര്‍ത്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള ഹ്യൂമാനിറ്റേറിയന്‍ അഫേഴ്‌സ് ഓഫീസ് (OCHA) വ്യക്തമാക്കിയിട്ടുള്ളത്. കിഴക്കന്‍ ഖുദ്‌സില്‍ ഫലസ്തീനികളുടെ എണ്ണം കുറക്കുക എന്ന ഉദ്ദേശ്യത്തോടെ അവിടെ ഫലസ്തീനികള്‍ക്ക് വീട് നിര്‍മാണത്തിനുള്ള ലൈസന്‍സ് ഇസ്രയേല്‍ തടയുകയാണെന്ന് ഫലസ്തീനികളും മനുഷ്യവാകാശ പ്രവര്‍ത്തകരും പറയുന്നു. അതേസമയം കുടിയേറ്റക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ലൈസന്‍സ് നല്‍കുന്നുമുണ്ട്.

Related Articles