Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പ്രബോധകര്‍ക്ക് മേല്‍ സമ്മര്‍ദമെന്ന് അല്‍ജസീറ

ദോഹ: സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ ന്യായീകരിച്ച് ഖത്തര്‍ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ സൗദി പ്രബോധകര്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന് ‘അല്‍ജസീറ’ വെളിപ്പെടുത്തല്‍. പ്രബോധകരിലൊരാള്‍ രണ്ട് ദിവസം തടവിലാക്കപ്പെടുകയും ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അതിനെ തുടര്‍ന്ന് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കുകയും പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഖത്തറിന് മേല്‍ കെട്ടിവെക്കുകയും ചെയ്‌തെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
പ്രമുഖ പ്രബോധകന്‍ മുഹമ്മദ് അരീഫിയുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഭീഷണിക്ക് വഴങ്ങിയാണ് അദ്ദേഹത്തിന്റെ ട്വീറ്റുകളെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം അതിന് വഴങ്ങാതിരിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നതെന്ന് പറയുന്നവരുമുണ്ട്. ഖത്തറിന് മേലുള്ള ഉപരോധത്തെ പിന്തുണക്കുകയോ ഖത്തറിനെ ആക്ഷേപിക്കുകയോ ചെയ്യാത്ത നിരവധി സൗദി പ്രബോധകരുണ്ടെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ സൂചിപ്പിക്കുന്നു. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൗദി പ്രബോധകനായ ഡോ. സല്‍മാന്‍ ബിന്‍ ഫഹദ് അല്‍ഔദ യാത്രാവിലക്ക് നേരിടുന്നുണ്ടെന്നും പലരും പറയുന്നു.

Related Articles