Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധ രാഷ്ട്രങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടും

ദോഹ: ഉപരോധത്തിന്റെ ഫലമായി നേരിട്ട നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി ഖത്തറിലെ സ്വദേശി വിദേശി കമ്പനികള്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഖത്തര്‍ സാമ്പത്തിക – വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളുടെ ഏകപക്ഷീയമായ നടപടികളെ സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ സാമ്പത്തിക വാണിജ്യകാര്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ആല്‍ഥാനി ജനീവയില്‍ വെച്ച് സാമ്പത്തിക, വാണിജ്യ സംഘടനകളുടെ അധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉപരോധ രാഷ്ട്രങ്ങള്‍ സ്വീകരിച്ച അന്യായമായ നടപടികളെ സംബന്ധിച്ച് പഠിക്കുന്നതിനായി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ ലീഗല്‍ ഓഫീസുമായി ഖത്തര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും പ്രസ്താവന സൂചിപ്പിച്ചു. ഉപരോധത്തെ നേരിടുന്നതിനും ചരക്കുകളും സേവനങ്ങളും ലഭ്യമാക്കുന്നതിനും ഖത്തര്‍ വിപണിയുടെ സ്ഥിരത നിലനിര്‍ത്തുന്നതിനും ഖത്തര്‍ സ്വീകരിച്ച നടപടികള്‍ വിജയകരമാണെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു.
അതേസമയം ഉപരോധം കാരണമുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം തേടിക്കൊണ്ട് ഖത്തര്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്വിയ്യ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടില്‍ നിക്കരാഗോ അഭിമുഖീകരിച്ചതിന് സമാനമായ സാഹചര്യമാണിന്ന് ഖത്തര്‍ അഭിമുഖീകരിക്കുന്നതെന്നും അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതരായ അവര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം തേടാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ ഗള്‍ഫ് പ്രതിസന്ധി അതിലേറെ കഠിനവും ദോഷങ്ങളുള്ളതുമാണെന്നും അട്ടിമറി ശ്രമത്തിന്റെ തലത്തിലെണ്ണപ്പെടേണ്ടുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles