Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍-അമേരിക്ക ധാരണാപത്രം മതിയായതല്ല: ഉപരോധ രാഷ്ട്രങ്ങള്‍

റിയാദ്: ഭീകരതക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ ഖത്തറും അമേരിക്കയും ഒപ്പുവെച്ച ധാരണാപത്രം മതിയായതല്ലെന്ന് ഉപരോധ രാഷ്ട്രങ്ങള്‍. അതുകൊണ്ടു തന്നെ ദോഹ ഭരണകൂടത്തിനെതിരെയുള്ള നടപടികള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച്ച ദോഹയില്‍ വെച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണനും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ ആല്‍ഥാനിയും ഒപ്പുവെച്ച ധാരണാപത്രത്തെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന സമ്മര്‍ദത്തിന്റെ ഫലം എന്നാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവന വിശേഷിപ്പിച്ചത്.
ഭീകരതക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നത് ചെറുക്കുന്നതിലുള്ള ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഗൗരവത്തില്‍ നിരീക്ഷിക്കുമെന്നും ചതുര്‍രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. ഖത്തറിന് മുമ്പില്‍ വെക്കപ്പെട്ട ന്യായമായ ആവശ്യങ്ങള്‍ അവര്‍ അംഗീകരിക്കുന്നത് വരെ നിലവിലെ നടപടികള്‍ തുടരുമെന്നും ഭീകരതയെ ചെറുക്കലും പ്രദേശത്ത് സുസ്ഥിരതയും സുരക്ഷയും സമാധാനവും യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണതെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
ഖത്തര്‍ അവരുടെ നയങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നത് വരെ നിലവിലെ ബഹിഷ്‌കരണം തുടരുമെന്ന് കെയ്‌റോയില്‍ ചേര്‍ന്ന നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles