Current Date

Search
Close this search box.
Search
Close this search box.

കൂട്ടകശാപ്പുകള്‍ നടത്തിയവര്‍ ഞങ്ങളെ മനുഷ്യത്വം ഉപദേശിക്കേണ്ട: എര്‍ദോഗാന്‍

അങ്കാറ: പാശ്ചാത്യ ഏജന്റുമാര്‍ തുര്‍ക്കിയില്‍ സ്വതന്ത്രമായി ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന് നേരെ ഭീഷണികള്‍ ഉയര്‍ത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളെ കരുതിയിരിക്കാനും അദ്ദേഹം താക്കീത് നല്‍കി. അക് പാര്‍ട്ടി (ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ്) എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ ഏജന്റുമാര്‍ക്ക് നമ്മുടെ മണ്ണില്‍ സ്വതന്ത്രമായി വിഹരിക്കാനും നമ്മുടെ ജനതക്ക് ദോഷം ചെയ്യാനുമുള്ള അവസരം ഒരുക്കാനാണ് പാശ്ചാത്യര്‍ ആഗ്രഹിക്കുന്നത്. അവരുടെ രാജ്യത്ത് ഭീകരര്‍ക്ക് അഭയം നല്‍കുമ്പോള്‍ അത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് പറയുന്നവരുടെ ഏജന്റുമാര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നയതന്ത്ര പ്രതിസന്ധിയാക്കി അതിനെ മാറ്റുന്നു. ഉപരോധം എടുത്തുകാട്ടി തുര്‍ക്കിയെ ഭയപ്പെടുത്താമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അതിന്റെ ഗുരുതരമായ അനന്തരഫലങ്ങളെ ആദ്യം തന്നെ കരുതിയിരുന്നു കൊള്ളട്ടെ. നിങ്ങള്‍ ആര്‍ക്കെതിരെയാണ് തിരിയുന്നതെന്ന് നിങ്ങള്‍ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ? ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടെ അങ്ങേയറ്റം നീചവും നിന്ദ്യവുമായ മനുഷ്യക്കശാപ്പുകള്‍ നടത്തിയവര്‍ മനുഷ്യത്വത്തെ കുറിച്ച് ഞങ്ങളെ ഉപദേശിക്കാന്‍ വരേണ്ട. എന്നും എര്‍ദോഗാന്‍ ഓര്‍മപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിലുണ്ടായ സൈനിക അട്ടിമറി ശ്രമത്തിന് ശേഷം മൂന്നാഴ്ച്ച മുമ്പ് നടന്ന വ്യാപകമായ സുരക്ഷാ കാമ്പയിനോടനുബന്ധിച്ച് ജര്‍മന്‍കാരായ പത്ത് ആക്ടിവിസ്റ്റുകള്‍ തുര്‍ക്കിയില്‍ അറസ്റ്റിലായത് തുര്‍ക്കി – ജര്‍മനി ബന്ധത്തില്‍ സംഘര്‍ഷാവസ്ഥക്ക് കാരണമായിരിക്കുകയാണ്. സൈനിക അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിയായി തുര്‍ക്കി ഭരണകൂടം കണക്കാക്കുന്ന ഫത്ഹുല്ല ഗുലനുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്നാണ് തുര്‍ക്കിയുടെ വാദം. അറസ്റ്റിനെ തുടര്‍ന്ന് ജര്‍മനി തുര്‍ക്കിക്ക് മേല്‍ സമ്മര്‍ദം ശക്തിപ്പെടുത്തിയിരുന്നു. തുര്‍ക്കിയിലെ ജര്‍മന്‍ നിക്ഷേപങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് എര്‍ദോഗാന്റെ ഈ പ്രതികരണം.

മസ്ജിദുല്‍ അഖ്‌സ മുസ്‌ലിംകളില്‍ നിന്ന് തട്ടിപ്പറിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്
മസ്ജിദുല്‍ അഖ്‌സ മുസ്‌ലിംകളില്‍ നിന്ന് തട്ടിപ്പറിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കരിക്കാനായി പോകുന്ന വിശ്വാസികളോട് ഭീകരരോടെന്ന പോലെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും എര്‍ദോഗാന്‍ വ്യക്തമാക്കി. മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്ന ഇസ്രയേല്‍ നടപടികളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.

Related Articles