Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഒ.ഐ.സി ആഹ്വാനം

ഇസ്തംബൂള്‍: ഖുദ്‌സ്, മസ്ജിദുല്‍ അഖ്‌സ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഒ.ഐ.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അടിയന്തിര യോഗം കഴിഞ്ഞ ദിവസം ഇസ്തംബൂളില്‍ സമാപിച്ചു. ഒ.ഐ.സി രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത യോഗം ഖുദ്‌സിന്റെ ചരിത്രപരമായ സ്ഥിതിക്ക് മാറ്റം വരുത്താന്‍ ഇസ്രയേല്‍ നടത്തുന്ന ശ്രമങ്ങളെ അപലപിച്ചു. ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും യോഗം ആഹ്വാനം ചെയ്തു.
മസ്ജിദുല്‍ അഖ്‌സ അടച്ചുപൂട്ടുകയും മുസ്‌ലിംകളും ക്രിസ്ത്യാനികളും പവിത്രമായി കാണുന്ന ഇടങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതടക്കമുള്ള ഇസ്രയേലിന്റെ പ്രകോപനപരമായ നടപടികളെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവന വ്യക്തമാക്കി. ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ ഖുദ്‌സില്‍ നിലനിന്നിരുന്ന മാതൃകാപരമായ മതസഹിഷ്ണുതയെ കുറിച്ചും പ്രസ്താവന സൂചിപ്പിച്ചു. മസ്ജിദുല്‍ അഖ്‌സയുടെ മതപരവും ആത്മീയവുമായ സ്വഭാവത്തിന് മാറ്റം വരുത്തുന്നതിന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ വിദേശകാര്യ മന്ത്രിമാര്‍ ഖുദ്‌സിലെ ജനസംഖ്യാ വിതരണത്തില്‍ മാറ്റംവരുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇസ്രയേല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അപലപിച്ചു.
ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ വിലക്കേര്‍പ്പെടുത്തണമെന്നും ഒ.ഐ.സി പ്രസ്താവന വ്യക്തമാക്കി. തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലുദ് ജാവേഷ് ഓഗ്‌ലു, ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി, ഒ.ഐ.സി ജനറല്‍ സെക്രട്ടറി യൂസുഫ് അല്‍ഉഥൈമീന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles