Current Date

Search
Close this search box.
Search
Close this search box.

ഒന്നിക്കാനും ഇസ്‌ലാമിന്റെ സന്ദേശം വ്യാപിപ്പിക്കാനും ഖറദാവിയുടെ ആഹ്വാനം

ദോഹ: ഇസ്‌ലാമിനെ ശരിയായി അവതരിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഇസ്‌ലാമിക സമൂഹത്തോട് -വിശിഷ്യാ തുര്‍ക്കിയോട് – ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആഹ്വാനം ചെയ്തു. ഇസ്‌ലാമിന്റെ സന്ദേശത്തില്‍ മുസ്‌ലിംകളെ ഒന്നിപ്പിക്കാനും മുസ്‌ലിംകളില്ലാത്തവരെ അതിന്റെ പ്രകാശത്തിലേക്കും നേര്‍മാര്‍ഗത്തിലേക്കും ക്ഷണിക്കാനും അദ്ദേഹം പറഞ്ഞു. തുര്‍ക്കി മതകാര്യവകുപ്പധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസിനെ ദോഹയിലെ പണ്ഡിതവേദി ഓഫീസിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഖറദാവി തുര്‍ക്കിയും അവിടത്തെ ജനതയും കഴിഞ്ഞ കാലത്തും നിലവിലും മുസ്‌ലിംകളെ ഒന്നിപ്പിക്കുന്നതിനും ഇസ്‌ലാമിനും ചെയ്ത സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
വലുപ്പം കൊണ്ട് ചെറുതാണെങ്കിലും വലിയ പ്രാധാന്യമുള്ള രാജ്യമാണ് ഖത്തര്‍ എന്ന് മുസ്‌ലിം വിഷയങ്ങള്‍ക്ക് ആ രാജ്യം നല്‍കുന്ന പരിഗണനയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് ഖറദാവി പറഞ്ഞു. ഇസ്‌ലാമിന്റെ പേരില്‍ ഇസ്‌ലാമിനെതിരെ കുതന്ത്രം പ്രയോഗിക്കുന്നവരില്‍ നിന്നും അതിനെ സംരക്ഷിക്കാനും ഇസ്‌ലാമിന് കരുത്തുപകരാനും മുസ്‌ലിംകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാഹുവില്‍ നിന്നുള്ള ഏറ്റവും മഹത്തായ അനുഗ്രഹമാണ് ഇസ്‌ലാം. അതില്ലെങ്കില്‍ ഐഹിക ലോകത്തെ മറ്റെല്ലാ അനുഗ്രഹങ്ങളും വിലയില്ലാത്തതാണ്. അതുകൊണ്ട് തന്നെ ആ മഹാഅനുഗ്രഹത്തിന്റെ പേരില്‍ നന്ദി കാണിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമിക നേതൃത്വങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് പണ്ഡിതവേദി നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles